Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞതവണ കേരളത്തില്‍ യു.ഡി.എഫിനു െകെവിട്ടുപോയ ഏകസീറ്റാണ് ആലപ്പുഴ . ആ സീറ്റ് തിരിച്ചുപിടിക്കാന്‍ ”കിടിലന്‍” സ്ഥാനാര്‍ഥി വരുമെന്ന് സമരാഗ്നി ജാഥയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ സുധാകരനും ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്നു . പക്ഷെ അത് കെ സി വേണു ഗോപാലാണെന്ന് ആരും കരുതിയിരുന്നില്ല . പലരും പറഞ്ഞത് എ എ ഷുക്കൂറിന്റെയും ഹസ്സന്റെയും ഷാനിമോൾ ഉസ്മാന്റെയുമൊക്കെയായിരുന്നു .

ആ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിക്കൊണ്ടാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍തന്നെ നേരിട്ടിറങ്ങിയത് . ഇതോടെ ആലപ്പുഴ മുന്നണികളുടെ കിടിലന്‍ പോരാട്ടവേദിയായി മാറി .

ഇടതു മുന്നണിയിൽ സിറ്റിങ് എം.പി: എ.എം. ആരിഫിനും ബി.ജെ.പി. സംസ്ഥാനവൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും പിന്നാലെ കെ.സി. കൂടി എത്തുമ്പോള്‍ മണ്ഡലം ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് 2009 ലും 2014 ലും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിനാല്‍ 2019 ല്‍ മത്സരിച്ചില്ല .

യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു 2019 ലേത്. എന്നാല്‍ 19 സീറ്റും പിടിച്ചെടുത്തപ്പോഴുംകൈവശമുണ്ടായിരുന്ന ആലപ്പുഴ കോൺഗ്രസ്സിന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് സംഘടനാത്തിരക്കുണ്ടെങ്കിലും ആലപ്പുഴയില്‍ വേണുഗോപാലിനെത്തന്നെ ഇറക്കാന്‍ കോണ്‍ഗ്രസ്ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയത്.

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് വേണു ഗോപാൽ പറഞ്ഞിരുന്നു . പക്ഷെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയതുകൊണ്ട് മത്സരത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് കരുതിയിരുന്നത് . സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരുംമുമ്പ് വേണുഗോപാലിനായി മണ്ഡലത്തിന്റെ പലയിടത്തും പ്രവര്‍ത്തകര്‍ പ്രചാരണവും തുടങ്ങിയിരുന്നു.

ചുവരെഴുതിയും പോസ്റ്ററുകള്‍ പതിച്ചുമുള്ള പ്രചാരണമാണ് അനൗദ്യോഗികമായി ആരംഭിച്ചത്. 2019 ല്‍ 10474 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ എ.എം. ആരിഫ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ കീഴടക്കിയത്. ആരിഫ് 4,45,970 വോട്ടുകളും ഷാനിമോള്‍ ഉസ്മാന്‍ 4,35,496 വോട്ടുകളും നേടി.

ശബരിമല വിവാദം കത്തിനിന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ.എസ്. രാധാകൃഷ്ണന്‍ 1,87,729 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു . ഇതുകൂടി കണക്കിലെടുത്താണ് ബി.ജെ.പി. ഇത്തവണ ശോഭാ സുരേന്ദ്രനെ പരീക്ഷിക്കുന്നത്.

33-ാം വയസില്‍ ആലപ്പുഴയില്‍നിന്ന് നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച വ്യക്തിത്വമാണ് കെ.സി. വേണുഗോപാലിന്റേത്. തുടര്‍ന്നും രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മികച്ച വിജയം നേടി. അതിനിടെ മന്ത്രിയാകുകയും ചെയ്തു.

2009 ല്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോഴും മണ്ഡലം ആലപ്പുഴയായിരുന്നു. ജയിച്ച് കേന്ദ്ര സഹമന്ത്രിയായി. 2014 ലും വിജയം ആവര്‍ത്തിച്ചു. ആലപ്പുഴ ജില്ലയില്‍ മൂന്നു പതിറ്റാണ്ടോളമായുള്ള കെ.സിയുടെ വ്യക്തിബന്ധങ്ങളും സാമുദായിക നേതൃത്വങ്ങളുമായുള്ള അടുപ്പവും വോട്ടായി മാറുമെന്നാണ് യു.ഡി.എഫ്. കണക്ക് കൂട്ടുന്നത് .

അതേസമയം തെരഞ്ഞെടുപ്പുപരാജയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ആരിഫിലൂടെ സീറ്റ് നിലനിര്‍ത്താന്‍ ഇടതുമുന്നണിയും രംഗത്തുണ്ട്. കൂടാതെ, മത്സരിച്ച ഇടങ്ങളിലെല്ലാം ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടുള്ള ശോഭാ സുരേന്ദ്രനിലൂടെ എന്‍.ഡി.എയും കരുക്കള്‍ നീക്കുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ് .

Leave a Reply

Your email address will not be published. Required fields are marked *