Your Image Description Your Image Description
Your Image Alt Text

ലീഡറുടെ മകൾക്കുപിന്നാലെ താമരക്കൂടണയാൻ മനസ്സൊരുക്കുകയാണ് ഒരുപിടി കോൺഗ്രസ്‌ നേതാക്കൾ. ആന്റണിയുടെയും കരുണാകരന്റെയും മക്കൾ പോയ സ്ഥിതിക്ക്‌ ഇനിയാർക്കും പോകാമല്ലോയെന്ന ചിന്ത മുതിർന്ന നേതാക്കൾക്കിടയിൽ പടരുന്നു.

സവർക്കറുടെ ചിത്രത്തിനുമുന്നിൽ തിരിതെളിച്ച്‌ വണങ്ങിയ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനോ ‘ശാഖയ്‌ക്ക്‌ കാവൽ നിന്ന’, ‘ഐ വിൽ ഗോ’ പറഞ്ഞ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോ സംഘപരിവാർ പാളയത്തിൽ എത്തിയാൽപ്പോലും അത്ഭുതമില്ല.

രാജ്‌മോഹൻ ഉണ്ണിത്താൻ, വി എസ്‌ ശിവകുമാർ തുടങ്ങി ഡസൻകണക്കിന്‌ നേതാക്കൾ ബിജെപിയുടെ പട്ടികയിലുണ്ട്‌. ഇഡിയെ പേടിച്ചാണ്‌ പത്മജ പോയതെന്നു പറഞ്ഞ ബിന്ദു കൃഷ്‌ണയോട്‌ ‘അത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയവരുമായെല്ലാം നേരത്തേ ചർച്ച നടത്തിയിട്ടുണ്ടെ’ന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. തിരിച്ചൊന്ന്‌ വാതുറക്കാൻ ബിന്ദു തയ്യാറായിട്ടില്ല.

ഇനിയും പലരും വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രനും , വരും ദിവസങ്ങളിൽ പലരും വരുമെന്ന് ജാവദേക്കറും പറഞ്ഞതിൽ ആകാംഷ യോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ . പത്മജ ചതിച്ചുവെന്ന്‌ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനുമടക്കമുള്ള നേതാക്കൾ പറയുന്നുണ്ട്‌.

എന്നാൽ, പത്മജ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ പോകുന്നുവെന്ന വാർത്ത വന്ന്‌ ദിവസം പിന്നിട്ടിട്ടും പ്രതികരിക്കാൻ കെ സുധാകരനും സതീശനും തയ്യാറായിട്ടില്ല. മുരളിജീയെന്ന്‌ വിളിക്കേണ്ടി വരുമെന്നതിനാൽ മറുപടി പറയാനില്ലെന്നാണ്‌ ശോഭ സുരേന്ദ്രൻ കെ മുരളീധരന്‌ മറുപടി നൽകിയത്‌.

ഉരുളയ്‌ക്കുപ്പേരിപോലെ പറയാൻ നാവുള്ള മുരളി ഇതിനോട്‌ പ്രതികരിച്ചില്ല. ബിജെപിയിലേക്കുള്ള ഒഴുക്കിനെ നെഞ്ചിൽത്തൊട്ട്‌ എതിർക്കാൻ ധൈര്യമുള്ള നേതാക്കൾ കോൺഗ്രസിൽ കുറഞ്ഞുവരികയാണെന്ന്‌ ഒരു മുതിർന്ന നേതാവ്‌ പറഞ്ഞു.

കരുണാകരന്റെ സ്മൃതിമന്ദിരത്തിൽ പുഷ്പാർച്ചന അർപ്പിക്കാൻ ബിജെപി നേതാവിന്റെ വീട്ടിലേക്ക്‌ പോകേണ്ട ഗതികേടിലാണ്‌ കോൺഗ്രസ്‌ എത്തിച്ചേർന്നിരിക്കുന്നത് . കോൺഗ്രസ്‌ നേതൃത്വത്തിന്റെ പിടിപ്പുകേടും മൃദുഹിന്ദുത്വനിലപാടുമാണ്‌ ബിജെപിയിൽ ചേക്കേറാൻ നേതാക്കളെയും പ്രവർത്തകരെയും പ്രേരിപ്പിക്കുന്നതെന്ന്‌ .

എ കെ ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നപ്പോൾ നിസ്സാരവൽക്കരിച്ചത്‌ ഈ പ്രവണതയ്‌ക്ക്‌ ആക്കംകൂട്ടിയെന്ന വിമർശനവുമുണ്ട്‌. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള ‘ഓപ്പറേഷൻ’ ഡൽഹി കേന്ദ്രീകരിച്ചാണ് നടക്കുന്നത് .

അതുകൊണ്ട് തന്നെ നീക്കങ്ങൾ അധികമാരും അറിയില്ല, ബിജെപി ക്കാർ പോലുമറിയില്ല , പിന്നെയല്ലേ കോൺഗ്രസ്സുകാർ . പലരുടെയും വരവ്‌ കെ സുരേന്ദ്രനും വി മുരളീധരനും അറിയുന്നതുപോലും മാധ്യമ വാർത്തയിലൂടെയാണ് .

കണ്ണൂരിലെ കോൺഗ്രസ്‌ നേതാവും ഇപ്പോൾ ബിജെപി സ്ഥാനാർഥിയുമായ സി രഘുനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും കോൺഗ്രസ്‌ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക്‌ സന്നദ്ധരായ എറണാകുളത്തെ വനിതാനേതാവ്‌, കൊല്ലത്തെ അഭിഭാഷകനേതാവ്‌, തിരുവനന്തപുരത്തെ സുധാകരൻ അനുയായികളായ യുവനേതാക്കൾ എന്നിവരിൽ ചിലർ ഇതിനകം ബിജെപിയിൽ ചേർന്നു.

അതൊന്നും വലിയ വാർത്തയായില്ല. തിരുവനന്തപുരത്തെ മുൻമന്ത്രിയെയും ഒപ്പംനിർത്താൻ ബിജെപി ശ്രമിക്കുന്നു. പുറകാലെ ആ വാർത്തയും കേൾക്കാം . പത്മജയുമായി അടുപ്പമുള്ള നേതാവാണത് .
സുധാകരനും സതീശനും അകറ്റിയ ഒട്ടേറെ നേതാക്കളിപ്പോൾ പെരുവഴിയിലാണ്‌. നേരത്തെ ബിജെപിയിലെത്തിയ പല നേതാക്കളും ഇപ്പോൾ എവിടെയാണെന്ന് പോലുമറിയില്ല .

പത്മജ പോകുമെന്നറിഞ്ഞിട്ടും വിളിച്ച്‌ പ്രശ്നം പരിഹരിക്കാൻ സതീശൻ തയ്യാറായില്ല. അസംതൃപ്തരെ ഒപ്പംനിർത്താൻ നടപടിയൊന്നുമെടുക്കാതെ കോൺഗ്രസ്‌ നേതാക്കൾ ബിജെപിക്ക്‌ സൗകര്യമൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *