Your Image Description Your Image Description
Your Image Alt Text

പൊന്നാനി ലോക്‌‌സഭ മണ്ഡലത്തിൽ സമസ്തയുടെ വോട്ടു ചോർന്നാൽ അതിനെ മറികടക്കാൻ കരുനീക്കങ്ങളുമായി മുസ്ലിംലീഗ് അണിയറയിൽ പദ്ധതികളൊരുക്കുന്നു . കോൺഗ്രസ് വോട്ട് പരമാവധി സമാഹരിക്കാൻ യു.ഡി.എഫ് ബന്ധം ശക്തമാക്കാൻ പ്രാദേശിക നേതൃത്വങ്ങൾക്ക് നി‌ർദ്ദേശം നൽകി.

പ്രചാരണത്തിന് കോൺഗ്രസിന്റെ മുൻനിര നേതാക്കളെ ഇറക്കി ഐക്യസന്ദേശം താഴേത്തട്ടിലെത്തിക്കും. സ്ഥാനങ്ങളെ ചൊല്ലി അഞ്ചു തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന തർക്കങ്ങളിൽ ചെറിയമുണ്ടം പഞ്ചായത്തിലെ തർക്കമേ ഇനി പരിഹരിക്കാനുള്ളൂ. ബാക്കിയുള്ളടുത്തെയെല്ലാം പരിഹരിച്ചു കഴിഞ്ഞു .

ചെറിയമുണ്ടം പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിന് വിട്ടുകൊടുക്കും. വല്യേട്ടൻ മനോഭാവവും ലീഗ് ഉപേക്ഷിക്കും. മുന്നണി ഐക്യത്തിനൊപ്പം അബ്ദുസമദ് സമദാനിയുടെ വ്യക്തിപ്രഭാവം കൂടിയാവുമ്പോൾ യു.ഡി.എഫ് വോട്ട് കാര്യമായി ചോരില്ലെന്നാണ് ലീഗിന്റെ പ്രതീക്ഷ.

ഏഴു അസംബ്ലി സീറ്റിൽ നാലിടത്തും എൽ.ഡി.എഫാണെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയ്‌ക്കൽ, തിരൂരങ്ങാടി,​ തിരൂർ മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇ.കെ സുന്നികൾക്ക് നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാടാണ് തിരൂരങ്ങാടി. സമസ്തയുടെ പ്രഹരം ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. ഇതു മറികടക്കാൻ എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്താൻ ലീഗിന് പദ്ധതികളുണ്ട്.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തി സമദാനി സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ലീഗ് സൈബർ വിംഗ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ.

ഇടഞ്ഞാൽ ലീഗിനാണ് നഷ്ടമെന്ന് ബോദ്ധ്യപ്പെടുത്താൻ സമസ്ത ശ്രമിച്ചാൽ വോട്ടു ചോരാം. സംഘടനാപരമായി സമസ്ത ഇതിനു തുനിയില്ല. അതേസമയം, സമസ്തയുടെ പണ്ഡിതരെ അപമാനിച്ചവർക്ക് മറുപടി നൽകേണ്ടത് അഭിമാന പ്രശ്നമാണെന്നും ഇല്ലെങ്കിൽ ലീഗിനു കൂടുതൽ വിധേയപ്പെടേണ്ടി വരുമെന്നും കാട്ടി ലീഗ് വിരുദ്ധർ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാമെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയേയും കൂട്ടുപിടിക്കുന്നുണ്ട്. പ്രതിഷേധമായി വോട്ടു ചെയ്യാതെ മാറിനിൽക്കണമെന്നാണ് രഹസ്യമായി ആവശ്യപ്പെടുന്നത്. ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താതെ ഭൂരിപക്ഷം ഗണ്യമായി കുറച്ച് മറുപടി നൽകണമെന്ന പക്ഷക്കാരും സമസ്തയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *