Your Image Description Your Image Description

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. വിവരങ്ങള്‍ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം.

ഈ മാസം അവസാനത്തോടെ ലോക്സഭ തെരഞ്ഞെട​ുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. ഫെബ്രുവരി 15-നാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി.

ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്. പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.

ബോണ്ടുകള്‍വഴി സംഭാവന നല്‍കുന്നവര്‍ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയ്ക്ക് അറിയാനാകും. അതേസമയം, മറ്റു പാര്‍ട്ടികള്‍ക്ക് അറിയാനാകില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കള്‍ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *