Your Image Description Your Image Description
Your Image Alt Text

കൊച്ചി : പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങളുമായി രാജ്യത്തെ പ്രമുഖ വാണിജ്യവാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയില്‍പ്പെട്ട വാണിജ്യവാഹനങ്ങള്‍ ടാറ്റ സ്റ്റീലിന് കൈമാറുന്നതിന്റെ ഫ്ളാഗ് ഓഫ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

പ്രിമ ട്രാക്ടറുകള്‍, ടിപ്പറുകള്‍, അള്‍ട്ര ഇ.വി.ബസ് എന്നിവയാണ് ടാറ്റ സ്റ്റീലിന് കൈമാറിയത്. എല്‍.എന്‍.ജിയിലും ഇലക്ട്രിക് ഊര്‍ജത്തിലും പ്രവര്‍ത്തിക്കുന്നവയാണ് വാഹനങ്ങള്‍. ജംഷഡ്പൂരില്‍ നടന്ന ടാറ്റ ഗ്രൂപ്പ് സ്ഥാപകദിനാഘോഷങ്ങളോടനുബന്ധിച്ചാണ് വാഹനകൈമാറ്റചടങ്ങ് നടന്നത്. ടാറ്റ സ്റ്റീല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ടി.വി.നരേന്ദ്രന്‍, ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ,് ഉന്നതപ്രതിനിധികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സുസ്ഥിരവികസന ലക്ഷ്യങ്ങളും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുമാണ് തങ്ങളെ നയിക്കുന്നതെന്ന് ടാറ്റ സ്റ്റീല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ടി.വി.നരേന്ദ്രന്‍ വ്യക്തമാക്കി. ടാറ്റ മോട്ടോഴ്സുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണുള്ളത്. ഈ വാഹനകൈമാറ്റത്തിലൂടെ പരിസ്ഥിതി സൗഹൃദമായ ഗതാഗതസംവിധാനങ്ങളില്‍ വ്യവസായലോകത്തിന തന്നെ മാതൃകയാകുകയാണ്. ടാറ്റ മോട്ടോഴ്സും ടാറ്റ സ്റ്റീലും ഈ വാഹനകൈമാറ്റത്തിലൂടെ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിതഗതാഗതമാര്‍ഗങ്ങളില്‍ രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് ടാറ്റ മോട്ടോഴ്സിനെയാണെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രവര്‍ത്തനമികവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.  സുസ്ഥിരവും സുരക്ഷിതവും ഹരിതവുമായ ഗതാഗതസംവിധാനങ്ങളെന്ന ആഗോള ട്രെന്‍ഡിനൊപ്പമാണ് ടാറ്റ മോട്ടോഴ്സിന്റെ യാത്ര. ടാറ്റ സ്റ്റീലിന്റെ വിപണനശൃംഖല കാര്‍ബണ്‍ ന്യൂട്രലാക്കുന്നതിന് ടാറ്റ മോട്ടോഴ്സിന്റെ പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങള്‍ സഹായകമാകും. കാര്‍ബണ്‍ ഫുട്പ്രിന്റ് ഘട്ടംഘട്ടമായി കുറച്ച് 2045 ഓടെ സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി മുന്നില്‍ക്കണ്ടാണ് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഏറെയുണ്ട് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരിക്കുന്ന പുതിയ വാണിജ്യ വാഹനങ്ങളില്‍. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്.), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയെല്ലാം ഈ സുരക്ഷ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെയും മറ്റു നിര്‍മ്മാണസാമഗ്രികളുടെയും ഗതാഗതത്തിനായി ഈ വാഹനങ്ങള്‍ ടാറ്റ സ്റ്റീലിന്റെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് കൈമാറി.

വിവിധ വാണിജ്യാവശ്യങ്ങള്‍ക്ക് സഹായകമായ തരത്തിലാണ് ടാറ്റയുടെ പ്രിമ എല്‍.എന്‍.ജി.ശ്രേണിയിലുള്ള ട്രക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിപ്പറുകളും (3530.കെ.) ട്രാക്ടറുകളും (5530.എസ്.) ഉള്‍പ്പെടുന്ന വാഹനങ്ങള്‍ മൈനിങ് ഉള്‍പ്പെടെയുള്ള ബൃഹത്തായ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ബാറ്ററി ഇലക്ട്രിക് ശ്രേണിയില്‍ 28 ടി ഇ.വി.ടിപ്പര്‍ (ഇ28.കെ.), 46 ടി ഇ.വി.ട്രാക്ടര്‍ (ഇ46.എസ്.) എന്നിവയുണ്ട്. സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം ഉറപ്പുനല്‍കുന്ന ട്രക്കുകള്‍ക്കൊപ്പം ടാറ്റ അള്‍ട്ര ഇലക്ട്രിക് ബസ്സുകളും കമ്പനി ഉപയോഗിക്കുന്നുണ്ട്. പ്ലാന്റുകളിലേക്കും മറ്റും ജീവനക്കാരെ എത്തിക്കുന്നതിനാണിത്.

ബാറ്ററി ഇലക്ട്രിക്, സി.എന്‍.ജി., എല്‍.എന്‍.ജി., ഹൈഡ്രജന്‍ ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ടെക്നോളജി എന്നിങ്ങനെ വ്യത്യസ്തമായ ഇന്ധനമാര്‍ഗങ്ങല്‍ പ്രവര്‍ത്തിക്കുന്ന ഗതാഗതസംവിധാനങ്ങള്‍ ടാറ്റ മോട്ടോഴ്സിന്റേതായുണ്ട്. വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തില്‍ വ്യത്യസ്തമായ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നീണ്ട നിര 2023 ല്‍ നടന്ന ഓട്ടോ എക്സ്പോയിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലും അവതരിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങള്‍ക്ക് 2000 ത്തിലേറെ ഇലക്ട്രിക് വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്സ കൈമാറിയിട്ടുണ്ട്. 95 ശതമാനത്തിലേറെ അപ് ടൈമോടെ ഇവ 12 കോടി കിലോമീറ്ററിലേറെ സര്‍വീസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *