Your Image Description Your Image Description
Your Image Alt Text

ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ചിഹ്നത്തിന്റെ അഭാവത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികള്‍ അനുഭവിക്കുന്ന വിനകള്‍ വിസ്തരിച്ചത് കണ്ടപ്പോൾ ആദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പറഞ്ഞ ചില വരികളാണ് ഓർമ്മ വന്നത്.

നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവ് ഒഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താൻ അനുഭവിക്കുകയെന്നേ വരൂ

എഴുത്തച്ഛന്‍ ഇത് എഴുതിയപ്പോൾ കേരള കോൺഗ്രസിന്റെ ഭാവി ചരിത്രമാണ് എഴുതുന്നതെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ല. പക്ഷേ ചരിത്രം സാക്ഷിയായി. പിജെ ജോസഫിന് കിട്ടിയ അടിയാണ് ചിഹ്നരാഹിത്യം.
കേരള കോൺഗ്രസുകളുടെ ആദ്യചിഹ്നം കുതിരയായിരുന്നു.

പിളർപ്പുകളുടെ വെടിക്കെട്ട് തുടങ്ങുന്ന കാലത്ത് 79 ലെ പിളർപ്പിൽ ജോസഫും മാണിയും തമ്മിൽ നടന്ന മത്സരത്തിൽ കുതിര മാണിക്ക് ലഭിച്ചു, തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മാണിയുടെ കുതിരയ്ക്ക് ബദലായി ഒട്ടക ചിഹ്നത്തിൽ സ്വതന്ത്രനെ മത്സരിപ്പിച്ച് മാണിയുടെ സ്ഥാനാർത്ഥി ജോർജ് മാത്യുവിനെ ജോസഫ് തോൽപ്പിച്ചു. നിയമ സഭയില്‍ മൂവാറ്റുപുഴയിൽ ജോണി നെല്ലൂരിന്റെ തോൽവിയും ഉറപ്പിച്ചു.

പന്തീരാണ്ടു കൊല്ലം പട്ടരുടെ കൂടെ കിടന്നിട്ട് പട്ടരുടെ ഗുഡായിക്ക എവിടെയെന്നറിയില്ലന്ന് ഒരു പഴമൊഴി ഉണ്ട്. അതുപോലെ മാണിക്ക് അനുവദിച്ച കുതിരയ്ക്ക് ഗുഡായിക്ക ഇല്ലന്ന് പറഞ്ഞ് ചിഹ്നം പോയ കലിയടങ്ങാതെ ഗുഡായിക്ക വരച്ച മിടുക്കന്മാർ ജോസഫ് ഗ്രൂപ്പിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. കുതിരയ്ക്ക് ഗൂഡായിക്ക വരച്ചവനെന്ന് പറഞ്ഞ് തൊടുപുഴ തെരുവിലൂടെ മരിച്ചുപോയ കെ പി അയ്യരുടെ നേതൃത്വത്തിൽ വിളിച്ച മുദ്രാവാക്യവും മറക്കാൻ സമയമായിട്ടില്ല.

പിന്നീട് വീണ്ടും ലയിച്ച് , വീണ്ടും പിളർന്നപ്പോൾ മാണിയുടെ കുതിരയെ ജോസഫ് ഇരുമ്പ് പെട്ടിയിൽ കയറ്റി. മാണിക്ക് രണ്ടില ചിഹ്നവും ജോസഫിന് ആന ചിഹ്നം ലഭിച്ചു. കാലം കടന്നുപോയി. മീനച്ചൽ ആറ്റിലും തൊടുപുഴ ആറ്റിലും ഒരുപാട് വെള്ളവും ഒഴുകിപ്പോയി. 2010 ൽ വീണ്ടും ലയിച്ച പാർട്ടി മാണിയുടെ അവസാന നാളിൽ വീണ്ടും പിളര്‍പ്പിന് വട്ടം കൂട്ടി .

തൊടുപുഴ ചന്തയിൽ വഴക്ക് തുടങ്ങുന്നത് പോലെ നീ അപ്പന് വിളിച്ചില്ലേന്ന് പറഞ്ഞ് ജോസഫ് ഒരു പുതിയ ഉത്പന്നവുമായി കളത്തിൽ ഇറങ്ങി. തനിക്ക് പാർലമെന്റിൽ പോകണം. മാണിയുടെ കയ്യിലിരിക്കുന്ന സ്ഥാനമാനങ്ങൾ ഓരോന്നായി കയ്യടക്കാൻ ഇണങ്ങിയും പിണങ്ങിയുമുള്ള തന്ത്രം. ഒടുവിൽ മാണി ചാഴിക്കാടനെ പ്രഖ്യാപിച്ച് പ്രശ്നം അവസാനിപ്പിച്ചു.

ഇതിനിടെ മാണി അന്തരിച്ചു. പാലായിൽ ഉപതിരഞ്ഞെടുപ്പ് വന്നു. സ്ഥാനാർത്ഥിയെ ജോസ് നിശ്ചയിക്കും. ചിഹ്നം ജോസഫ് അനുവദിക്കും ,ഇതായിരുന്നു കോൺഗ്രസ് നിലപാട്. അതനുസരിച്ച് ജോസിന്റെ നിർദ്ദേശപ്രകാരം ജോസ് ടോം സ്ഥാനാർത്ഥിയെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു . അത് ജോസിന്റെ കുശാഗ്ര ബുദ്ധി.

ഇനി ജോസ് പ്രഖ്യാപിച്ചാൽ എന്തോ ചിലത് കൂടി പോയിയെന്നോ കുറഞ്ഞുപോയിയെന്നോ പറഞ്ഞ് വഴക്കുണ്ടാക്കാതിരിക്കാൻ ജോസ് എടുത്ത മുൻകൂർ ജാമ്യം. ഒടുവിൽ ജോസഫ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി പിൻവലിച്ചു. ആകെ ചളമാക്കി, കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കയ്യിൽ കൊടുത്തു.

തൊട്ടടുത്ത ദിവസങ്ങളിൽ പുതുപ്പള്ളി മണ്ഡലത്തിലെ അകലകുന്നം പഞ്ചായത്തിലെ പൂവത്തുളപ്പ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ നിന്ന പിജെ യുടെ സ്ഥാനാർത്ഥിയെ പൈനാപ്പിൾ ചിഹ്നത്തിൽ സ്വതന്ത്രനായി നിർത്തി തോൽപ്പിച്ച് കയ്യിൽ കൊടുത്തത് മാത്തുക്കുട്ടി ഞായർ കുളത്തിന്റെ നേതൃത്വത്തിലുള്ള മാണി പിള്ളേരാണെന്നോർക്കണം .

ഇത്രയും ഇവിടെ പറഞ്ഞത് ,പഴയ ചില കാര്യങ്ങൾ ഓർമിപ്പിക്കാനാണ്. മാണിയുടെ രണ്ടില മരവിപ്പിക്കാന്‍ ജോസഫ് നടത്തിയ ശ്രമം ഹൈക്കോടതിയിലെ ഏറ്റവും ജൂനിയർ ആയ അഭിഭാഷകനെ ഇറക്കി കളിച്ചു ജയിച്ചത് ജോസിന്റെ തന്ത്രം.

ജോസഫിന്റെ ചില ബന്ധുക്കൾ അടങ്ങുന്ന അഭിഭാഷക ഗോലിയാത്തുകള്‍ക്ക് ദാവീദിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കോടിക്കണക്കിന് രൂപ ജോസഫിന് നഷ്ടം. ഇവിടെയാണ് എഴുത്തച്ഛന്റെ അവനവൻ ചെയ്യുന്ന കർമ്മഫലം അവനവൻ തന്നെ അനുഭവിക്കണമെന്ന് പറയുന്നതിന്റെ അനുഭവ ഗുണം വരുന്നത് .

ഏതായാലും എഴുത്തച്ഛൻ ഒന്നുകൂടി പറഞ്ഞു വച്ചിട്ടുണ്ട്.

ആപത്ത് വന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്ലെടോ സഞ്ജന ഭാഷിതം…

ഇപ്പോഴത്തെ പ്രശ്നം ഇതൊന്നുമല്ല . ചുവരെഴുതാനും പോസ്റ്റർ അടിക്കാനും ഏൽപ്പിച്ചിട്ടുള്ള ഈവൻ മാനേജ്മെന്റ് കാർ കയ്യും കാലുമിട്ട് അടിക്കുകയാണ്. ചിഹ്നം ഇല്ലാത്തതിനാൽ പണിപൂർത്തിയാക്കി ബില്ല് മാറാൻ പറ്റുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *