Your Image Description Your Image Description
Your Image Alt Text

ശനിദശ പിടിപെട്ടാൽ ചെയ്യുന്നതെല്ലാം കുഴപ്പത്തിലാകും. അത് ഒരാൾക്കല്ല , എല്ലാവർക്കും അങ്ങനെയാണ്. ധനനഷ്ടം, ദ്രവ്യനഷ്ടം, മാനഹാനി തുടങ്ങി ജയിൽ വാസം വരെ കിട്ടാൻ സാധ്യതയുണ്ട് . ഇതിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പിടികൂടിയത് മാനഹാനിയാണ് .

അല്ലെങ്കിൽ പിന്നെ , സ്വന്തം കേന്ദ്ര ഭരണത്തെ പരിഹസിക്കുന്ന പാട്ടുമായി ഊരു ചുറ്റാനിറങ്ങുമോ ?!.’അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കാൻ അണിനിരക്കുക കൂട്ടരേ….’ എന്ന സ്വന്തം യൂട്യൂബിലെ പാട്ട് കേട്ടപ്പോൾ കോഴിക്കോട്ടുകാർ ആദ്യം കരുതിയത് കോൺഗ്രസിന്റെയോ സി.പി.എമ്മിന്റെയോ വാഹന പ്രചാരണ യാത്രയാണെന്നാണ്.

ജാഥാ നേതാവിനെ കണ്ടവർ അമ്പരന്നു. നമ്മുടെ കെ. സുരേന്ദ്രനല്ലേ ഇത്?​ നരേന്ദ്ര മോദിക്കും കേന്ദ്ര ഭരണത്തിനും കീ ജയ് വിളിക്കുന്ന സുരേന്ദ്രന് ഇതെന്തു പറ്റി? ഇത്ര പെട്ടെന്ന് കളംമാറിയോ? അതും, ഉത്തരേന്ത്യയിലെ പല കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഐസ്ക്രീം വില്പനക്കാരന്റെ സൈക്കിൾ ബെൽ കേട്ട കുട്ടികളെപ്പോലെ ബി.ജെ.പി പാളയത്തിലേക്ക് ഓടിക്കൂടുമ്പോൾ!.

സംഭവം സുരേന്ദ്രനും കൂട്ടർക്കും പറ്റിയ അമളിയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് പിന്നീടാണ്. കേന്ദ്രത്തിലെ മൻ മോഹൻ സിംഗ് സർക്കാരിനെതിരെ 2013-ൽ ബി.ജെ.പി ഐ.ടി സെൽ തയ്യാറാക്കുകയും, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയും ചെയ്ത പ്രചാരണ ഗാനത്തിന്റെ മലയാള പരിഭാഷ ‘ബി.ജെ.പി കേരളം’ എന്ന യൂ ട്യൂബ് ചാനലിൽ പഴയ പാട്ടിന്റെ ചില ഭാഗങ്ങൾ ലൈവ് പരിപാടിക്കിടെ കയറ്റിയതാണ് അബദ്ധമായത്.

പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരുമോ?.എറിഞ്ഞ കല്ലും, പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. ഇതിനു പിന്നിൽ തന്നെ നാണം കെടുത്താനുള്ള ഗൂഢാലോചന ഒളിഞ്ഞിരിപ്പില്ലേ എന്നാണ് സുരേന്ദ്രൻ ജിയുടെ ഒരു സംശയം.

സംശയമുന നീണ്ടുചെല്ലുന്നത് പാർട്ടി ഐ.ടി സെൽ മേധാവി എസ്. ജയശങ്കറിനു നേർക്കും. ഇരുവരും പണ്ടേ വലിയ ‘ദോസ്തു’കളാണല്ലോ. ദോസ്ത് പണിഞ്ഞതു തന്നെ. പുള്ളിക്കാരനിട്ട് തിരിച്ചൊരു പണി കൊടുക്കാൻ സുരേന്ദ്രൻ നോക്കിയതാണ്. പക്ഷേ നടന്നില്ല. ഐ.ടി സെൽ കൺവീനർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി കേന്ദ്ര നേതൃത്വത്തിന് കൈയോടെ പരാതി നൽകിയതാണ്.

പഴയ സി.ഡി പരിശോധിക്കാതെ നിങ്ങൾ എന്തിന് ഉപയോഗിച്ചുവെന്ന മറു ചോദ്യമാണ് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ സുരേന്ദ്രനോട് ചോദിച്ചത് . കൺവീനർക്ക് ക്ലീൻ ചിറ്റും നൽകി. വാദി പ്രതിയായി!.ആരും അത്ര കാര്യമാക്കാതിരുന്ന കേരള യാത്രയ്ക്ക് ജനശ്രദ്ധ പിടിച്ചുപറ്റാൻ സുരേന്ദ്രൻ തന്നെ ഒപ്പിച്ച പണിയാണ് ‘സി.ഡി മാറ്റമെന്നാണ് പാർട്ടയിലെ സുരേന്ദ്രന്റെ ‘മിത്രങ്ങൾ’ പറയുന്നത്,

ഏതായാലും വെളുക്കാൻ തേച്ചത് പാണ്ടായി , കേരള യാത്ര അങ്ങനെ സസിയായി .

Leave a Reply

Your email address will not be published. Required fields are marked *