Your Image Description Your Image Description

നമ്മള്‍ എങ്ങനെയാണ് ശരീരത്തെ കൈകാര്യം ചെയ്യുന്നത് എന്നതിനെ അനുസരിച്ചാണ് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുമെല്ലാം വരിക. അതിനാലാണ് പതിവായി വ്യായാമം ചെയ്യണം, ശരീരം നല്ലതുപോലെ ശ്രദ്ധിക്കണം എന്നെല്ലാം നിര്‍ദേശിക്കുന്നത്.

നമ്മുടെ പല ശീലങ്ങളും, അല്ലെങ്കില്‍ നമ്മുടെ പല രീതികളും ശരീരത്തിന് ദോഷമായിത്തീരാറുണ്ട്. പലതും നാം അറിയാതെ പോകുന്നതാണ്. പലതും അറിഞ്ഞാലും മാറ്റാനോ, തിരുത്താനോ തയ്യാറാകാത്തതും ആണ്. എന്തായാലും ഇത്തരത്തില്‍ തലച്ചോറിനെ അഥവാ ബുദ്ധിയെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ദീര്‍ഘനേരം, എന്നുവച്ചാല്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതാണ് തലച്ചോറിനെ ബാധിക്കുന്ന ഒരു ശീലം. ചിലര്‍ ജോലിയുടെ ഭാഗമായിട്ടായിരിക്കാം ഇങ്ങനെ ദീര്‍ഘസമയം ഇരിക്കുന്നത്. ജോലിക്ക് വേണ്ടി അല്ലാതെയും ഫോണ്‍ പിടിച്ചും മറ്റും ദീര്‍ഘസമയം ഇരിക്കുന്നവരുണ്ട്. എന്തായാലും ഈ ശീലം അത്ര നല്ലതല്ല എന്ന് മനസിലാക്കുക.
ദീര്‍ഘസമയം ഇരിക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയാണ്. ഇതാണ് പ്രധാനമായും തലച്ചോറിന്‍റെ ആരോഗ്യം ദുര്‍ബലമാകുന്നതിലേക്ക് നയിക്കുന്നത്. ദീര്‍ഘസമയം ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, പടികള്‍ കയറിയിറങ്ങുക, അതുപോലെ ദിവസവും നിശ്ചിതസമയം വ്യായാമത്തിനായി നീക്കി വയ്ക്കുക- ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

രണ്ട്…

തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു സംഗതി ഉറക്കമില്ലായ്മയാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഇത് എന്താണെന്ന് കണ്ടെത്തി പരിഹരിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം പതിവായി ഉറക്കം ശരിയായില്ലെങ്കില്‍ അത് ഓര്‍മ്മശക്തി, പഠനമികവ്, ശ്രദ്ധ എന്നിങ്ങനെയുള്ള തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും.

മൂന്ന്…

അധികസമയം ഫോണില്‍ ചിലവിടുന്നതും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. പ്രത്യേകിച്ച് രാത്രിയിലെ ഫോണുപയോഗമാണ് തലച്ചോറിനെ ഏറെയും ബാധിക്കുക. സമയപരിധി വയ്ക്കുകയെന്നതേ ഇതിന് മാര്‍ഗമുള്ളൂ.

നാല്…

ദിവസത്തില്‍ നാം ആവശ്യത്തിന് വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കില്‍ അതും തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ശരീരത്തില്‍ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം ആണ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാൻ കാരണമാകുന്നത്.

അഞ്ച്…

പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്ന ശീലമുള്ളവരില്‍ ഇതും തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണാം. അതിനാല്‍ ദിവസവും ബ്രേക്ക്ഫാസ്റ്റ് പതിവാക്കാൻ ശ്രമിക്കുക. ദിവസം മുഴുവൻ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം തലച്ചോറിന് പ്രധാനമായും കിട്ടുന്നത് തന്നെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ്. അതിനാലാണ് ഇത് ഇല്ലാതിരിക്കുന്നത് തലച്ചോറിനെ ബാധിക്കുന്നത്.

ആറ്…

എപ്പോഴും നല്ല ശബ്ദത്തില്‍ പാട്ട് കേള്‍ക്കുക, വിശേഷിച്ച് ഹെഡ്സെറ്റിലോ ഹെഡ്ഫോണിലോ കേള്‍ക്കുന്ന ശീലവും ക്രമേണ തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം.

ഏഴ്…

പോഷകാഹാരക്കുറവും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. ബാലൻസ്ഡ് ആയി ശരീരത്തിന്‍റെ വിവിധയാവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന പോഷകങ്ങളെല്ലാം നാം ഭക്ഷണത്തിലൂടെ കണ്ടെത്തണം. ഇവയില്‍ കുറവ് സംഭവിച്ചാല്‍. ആ കുറവ് ദീര്‍ഘകാലത്തേക്ക് നീണ്ടുപോയാല്‍ അത് നേരിട്ടും അല്ലാതെയുമെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തെ ബാഘിക്കാം. വിശേഷിച്ചും ഷുഗര്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നതും പ്രോസസ്ഡ്- ജങ്ക് ഫുഡ്സിന്‍റെ അമിതോപയോഗവും ആണ് തലച്ചോറിന് തിരിച്ചടിയാവുക. നട്ട്സ്, സീഡ്സ്, ഫ്രൂട്ട്സ്, ധാന്യങ്ങള്‍ (പൊടിക്കാത്തവ), മീൻ എന്നിവയെല്ലാം തലച്ചോറിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *