Your Image Description Your Image Description
Your Image Alt Text

മുടികൊഴിച്ചിലും താരനും മിക്കവരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം ശരീരഭാരം കൂട്ടുക മാത്രമല്ല അമിതമായ മുടികൊഴിച്ചിലേക്കും നയിക്കുന്നു. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്…

മുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് വിറ്റാമിൻ എ പ്രധാനമാണ്. എന്നാൽ ഇതിന്റെ അളവ് അമിതമാകുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു.

രണ്ട്…
വറുത്ത ഭക്ഷണങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുകളും ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി), ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവയും മുടികൊഴിച്ചിലുണ്ടാക്കാം. ഇത് കഷണ്ടിയിലേക്ക് നയിക്കുന്ന ഹോർമോണാണ്. വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടില്ല. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഉയർന്ന ഊഷ്മാവിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിന്റെ ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും ഒടുവിൽ മുടികൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.

മൂന്ന്…‌

ഉയർന്ന മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മുടികൊഴിച്ചിലുണ്ടാക്കാം. അയല, ട്യൂണ തുടങ്ങിയ ചില മത്സ്യങ്ങളിൽ മെർക്കുറി കൂടുതലാണ്. ഉയർന്ന അളവിലുള്ള മെർക്കുറി മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാല്…

പ്രോട്ടീൻ കുറഞ്ഞ ഭക്ഷണക്രമം മുടികൊഴിച്ചിലുണ്ടാക്കാം. മുടി വളർച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ അടങ്ങിയിട്ടുണ്ട്. മുടി ആരോ​ഗ്യത്തോടെ വളരാൻ പ്രോട്ടീനുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീന്റെ കുറവ് മുടികൊഴിച്ചിലിനും മുട പൊട്ടുന്നതിനും കാരണമാകുന്നു.

അഞ്ച്…

ഗ്ലൈസെമിക് ഇൻഡക്സ് (glycemic index) കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മുടികൊഴിച്ചിലുണ്ടാക്കാം. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിൻ, ആൻഡ്രോജൻ എന്നിവ വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആറ്…

സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയ്ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. കാരണം, ഉയർന്ന അളവിൽ സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിൻ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു. ബേക്കറി പലഹാരങ്ങളും പാക്ക് ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഏഴ്…

സിങ്ക്, ഇരുമ്പ് എന്നിവയുടെ അളവ് കുറയുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ കെരാറ്റിൻ രൂപീകരണത്തിന് സിങ്കും ഇരുമ്പും സഹായിക്കുന്നു. ഈ പോഷകങ്ങളുടെ അളവ് കുറയുന്നത് മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാം. അത് കൊണ്ട് തന്നെ മുടി വളരാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മറ്റൊന്ന് ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്കും കാരണമാകും.

എട്ട്…

കാൽസ്യത്തിന്റെ കുറവും മുടികൊഴിച്ചിലുണ്ടാക്കാം. ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിൽ കാൽസ്യം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. കാൽസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിനും മുടി വളരെ പെട്ടെന്ന് പൊട്ടുന്നതിലേക്കും നയിച്ചേക്കാം.

മുടിയെ ആരോ​ഗ്യത്തോടെ നിലനിർത്താൻ പനീർ, തൈര്, ബീൻസ്, പയർ വർ​ഗങ്ങൾ, മുട്ട, വാൽനട്ട്, ഇലക്കറികൾ, സിട്രസ് പഴങ്ങൾ, ധാന്യങ്ങൾ, നിലക്കടല തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *