Your Image Description Your Image Description
Your Image Alt Text

രാജ്യസഭ തിരഞ്ഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സർക്കാരും പാർട്ടിയും കടുത്ത പ്രതിസന്ധിയില്‍. 6 കോണ്‍ഗ്രസ് എം എല്‍ എമാർ വോട്ടുമാറ്റിക്കുത്തിയതോടെയായിരുന്നു രാജ്യസഭ തിരഞ്ഞെടുപ്പില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവായ മനു അഭിഷേക് സിങ്വി പരാജയപ്പെട്ടത്. 3 സ്വതന്ത്ര എം എല്‍ എമാരും ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്തു.

തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34 – 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിച്ചു. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 35 വോട്ടാണ് വേണ്ടത്. ഇതിലും ഒരു വോട്ടിന്റെ കുറവാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതോടെ സർക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബി ജെ പി.

ഇതിനിടെയാണ് പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതിലെ അതൃപ്തി വ്യക്തമാക്കിക്കൊണ്ട്‌ വിക്രമാദിത്യ സിങ് പറഞ്ഞു.

സുഖ്വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീന്ന് മാറ്റി പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന സൂചനയും ശക്തമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ നറുക്ക് വീണത് സുഖുവിനായിരുന്നു.

അതിനിടെ നിയമസഭയിലെ 15 ബി ജെ പി അംഗങ്ങളെ കോണ്‍ഗ്രസ് സ്പീക്കർ പുറത്താക്കി. സഭയില്‍ മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയതിനുമാണ് 15 ബി ജെ പി എം എൽ എമാരെ നിയമസഭാ സ്പീക്കർ ഇന്ന് പുറത്താക്കിയത്. നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നടപടി. തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടെ ചേമ്പറിനുള്ളിൽ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

ജയറാം താക്കൂർ, വിപിൻ സിംഗ് പർമർ, രൺധീർ ശർമ്മ, ലോകേന്ദർ കുമാർ, വിനോദ് കുമാർ, ഹൻസ് രാജ്, ജനക് രാജ്, ബൽബീർ വർമ, ത്രിലോക് ജാംവാൽ, സുരേന്ദർ ഷോരി,ഇന്ദർ സിംഗ് ഗാന്ധി, ദീപ് രാജ്, പുരൺ താക്കൂർ, ഇന്ദർ സിംഗ് ഗാന്ധി, ദിലീപ് താക്കൂർ എന്നിവരാണ് പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാർ.

Leave a Reply

Your email address will not be published. Required fields are marked *