Your Image Description Your Image Description

സ്ഥാനാർത്ഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങി കഴിഞ്ഞിട്ടും കോൺഗ്രസ്സിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പോലും കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് . ഇടതുമുന്നണി സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമായി പ്രചരണം തുടങ്ങി. കോൺഗ്രസ് ഭൂരിപക്ഷം മണ്ഡലങ്ങളിലും സിറ്റിംഗ് എം പി മാരാണ് സ്ഥാനാർത്ഥികളെങ്കിലും ഇവർ പൂർണമായും പ്രവർത്തനം തുടങ്ങിയിട്ടില്ല.

സിപിഎമ്മിന്റെ 15 സീറ്റുകളിലും സിപിഐയുടെ നാലു സീറ്റിലും കേരളകോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഒരു സീറ്റിലും സ്ഥാനാർത്ഥികളുമായി പ്രവർത്തനവും തുടങ്ങി . ഇതിലാദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങിയത് മാണി ഗ്രൂപ്പാണ് .

യു.ഡി.എഫിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇപ്പോഴും ധാരണയായില്ല. മുസ്‌ലിം ലീഗും ആശയ കുഴപ്പത്തിലാണ് . ആർ.എസ്‌പിയുടെ കൊല്ലം സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കോട്ടയം സീറ്റിലും മാത്രമാണ് സ്ഥാനാർത്ഥികളായിട്ടുള്ളത് .

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് സ്ഥാനാർത്ഥികളെ രംഗത്തിറക്കി മുൻതൂക്കം നേടാനാണ് ഇടതുമുന്നണിയുടെ നീക്കം.
യഥാർഥത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ആദ്യം കടന്നത് കോൺഗ്രസാണ്.

കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലുവിനെ പങ്കെടുപ്പിച്ച് കർമപദ്ധതി തയാറാക്കി. പുതുപ്പള്ളി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയം കണ്ട സ്ഥാനാർത്ഥികളെ ആദ്യം നിശ്ചയിച്ച് രംഗത്തിറങ്ങി കളം പിടിക്കുകയെന്ന തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വേണമെന്നായിരുന്നു അന്നത്തെ പ്രധാന തീരുമാനം.

കോൺഗ്രസിന്റെ 15 സീറ്റുകളിലും സിറ്റിങ് എംപിമാരെതന്നെ നിർത്താൻ ധാരണയുമായി. അതോടെ, പതിവ് പൊട്ടലും ചീറ്റലുമില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ആദ്യം പുറത്തിറങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

കെപിസിസി പ്രസിഡന്റിന്റെ ചികിത്സക്കായുള്ള അമേരിക്കൻ യാത്ര, സമരാഗ്‌നി യാത്ര എന്നിവയാണ് കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച വൈകിച്ചത്. ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദം കടുത്തതും വിനയായി.

കോൺഗ്രസിന് ഇനി തീരുമാനം ആകേണ്ട് വയനാട്, ആലപ്പുഴ സീറ്റുകളിലാണ്. രാഹുൽഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാൻ സാധ്യതകുറവാണെന്ന വിധത്തിലാണ് വാർത്തകൾ വരുന്നത്. പകരം കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ എവിടെനിന്നെങ്കിലും മത്സരിച്ചേക്കും. പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെയാണ് ദക്ഷിണേന്ത്യയിൽനിന്ന് ഏതെങ്കിലും സീറ്റിൽകൂടി മത്സരിക്കുക. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയാണുള്ളത് . നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥി വരും. അല്ലെങ്കിൽ ഏതെങ്കിലും സിറ്റിങ് എംപിയെ മാറ്റേണ്ടിവരും. നേരത്തേ കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്ലിം പരിഗണനകൂടി കണക്കിലെടുത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സുധാകരൻ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഈവഴിയുള്ള ചർച്ചയടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *