Your Image Description Your Image Description
Your Image Alt Text

റോം: മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച വൈദികനെ കുർബാനയ്ക്കിടയിൽ അപായപ്പെടുത്താൻ ശ്രമം. തെക്കൻ ഇറ്റലിയിലെ സെസ്സാനിറ്റിയിലാണ് സംഭവം. പ്രാർത്ഥനകൾക്കുപയോഗിക്കുന്ന വൈനിൽ ബ്ലീച്ച് കലർത്തിയാണ് അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. ഫെലിസ് പലമാര എന്ന വൈദികനെ അപായപ്പെടുത്താനാണ് ശ്രമം നടന്നത്. കുർബാന പുരോഗമിക്കുന്നതിനിടെയാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്ന വൈനിൽ നിന്ന് രൂക്ഷമായ ഗന്ധം വരുന്നത് വൈദികന്റെ ശ്രദ്ധയിൽ പെടുന്നതെന്നാണ് ദി ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കലാബ്രിയ മേഖലയിലുള്ള ഈ പ്രദേശത്ത് മാഫിയ സംഘങ്ങൾ വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളുടെ നിരന്തര വിമർശകനായിരുന്നു ഈ വൈദികൻ. വൈനിൽ നിന്ന് രൂക്ഷ ഗന്ധം വന്നതോടെ കുർബാന നിർത്തിയ വൈദികൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വൈൻ വച്ചിരുന്ന ഫ്ലാസ്കുകളിൽ നടത്തിയ പരിശോധനയിൽ ഇവയിൽ ബ്ലീച്ചിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ആസ്ത്മയും ഹൃദ്രോഗവും അലട്ടുന്ന പുരോഹിതൻ ബ്ലീച്ചിംഗ് പൌഡർ അടങ്ങിയ വൈൻ കുടിച്ചിരുന്നെങ്കിൽ അപകടമുണ്ടായേനെയെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

മയക്കുമരുന്ന് വ്യാപരത്തിന് കുപ്രസിദ്ധമായ ദ്രാഗ്ഹേറ്റ മാഫിയയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പുരോഹിതനെ അപായപ്പെടുത്താനുള്ള ശ്രമം ഇത് ആദ്യമായല്ല. ഏതാനും ആഴ്ചകൾക്ക് മുന്‍പ് പുരോഹിതന്റെ കാർ അജ്ഞാതർ കേടുവരുത്തിയിരുന്നു. ഇതിന് പുറമേ നിരവധി ഭീഷണി കത്തുകളും പുരോഹിതന് ലഭിച്ചിരുന്നു. മേഖലയിലെ വിവിധ ദേവാലയങ്ങളിലെ വൈദികർക്കെതിരെയും മാഫിയ സംഘങ്ങളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വൈനിൽ ബ്ലീച്ച് കലർത്തിയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *