Your Image Description Your Image Description

ചിട്ടി ഫണ്ട് സ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലർത്തി തളിച്ച് സ്വർണവും പണവും അപഹരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. അറസ്റ്റിലായ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (36) തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്നു.

ഫെബ്രുവരി 21ന് രാവിലെ 9.30നാണ് സംഭവം. ബുർഖ ധരിച്ചെത്തിയ ഫസീല പഴയ ബസ് സ്റ്റാൻഡിന് സമീപം സാൻ പ്രീമിയർ ചിറ്റ്‌സ് ഉടമ കെ.എൻ.സുകുമാരമേനോനെ (75) ആക്രമിച്ച് മൂന്ന് പവൻ്റെ മാലയും 10,000 രൂപയും അപഹരിച്ചു. ഈ സമയം സ്ഥാപനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭക്ഷണത്തിൽ വിഷം കലർത്തി കൂടത്തായി മാതൃകയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസീല ശിക്ഷിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുകയാണ് ഇവരുടെ ശീലമെന്നും പോലീസ് പറഞ്ഞു.

ഹിൽപാലസ് സ്റ്റേഷൻ എസ്എച്ച്ഒ ആനന്ദ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ടോൾസൺ ജോസഫ്, രേഷ്മ, എഎസ്ഐ രഞ്ജിത്ത് ലാൽ, എസ്സിപിഒ ബൈജു, പോൾ മൈക്കിൾ, സിഎൽ ബിന്ദു, സിപിഒ അൻസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *