Your Image Description Your Image Description
Your Image Alt Text

കാക്കനാട് : സീപോർട്ട്-എയർപോർട്ട് റോഡ്, സിവിൽലൈൻ റോഡ്, തൃക്കാക്കരയിലെ ഇടറോഡുകൾ.. ഇവിടങ്ങളിലെല്ലാം മുന്നറിയിപ്പില്ലാതെ ‘കുറച്ചുപേർ’ വഴി തടഞ്ഞ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ച് റോഡിൽ അലയുകയാണ്. സൂപ്പർ ബൈക്കുകൾക്ക് തോന്നുംപടി ആകാമെങ്കിൽ ഞങ്ങൾക്കായാലെന്താ എന്ന മട്ടാണ് ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലൂടെ അലയുന്ന കന്നുകാലികളുടെ പെരുമാറ്റം.

ഇൻഫോപാർക്ക് ഐ.ടി. കമ്പനികളിലേക്ക് ഉൾപ്പെടെ പോകുന്ന റോഡിലാണ് പട്ടാപ്പകൽ കന്നുകാലികൾ തമ്പടിക്കുന്നത്. റോഡിൽത്തന്നെ ഗതാഗതം തടസ്സപ്പെടുത്തി കിടക്കുന്ന ഇവയുടെ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ടെക്കികൾതന്നെ.തിരക്കിട്ടുപോകുന്ന വണ്ടികൾക്ക് റോഡിൽ അലഞ്ഞുതിരിയുന്ന പശു, പോത്ത് തുടങ്ങിയവ വലിയ തലവേദന തന്നെയാണ്. സീപോർട്ട്, ഇൻഫോപാർക്ക് റോഡുകളിൽ രാപകൽ വ്യത്യാസം ഇല്ലാതെ കന്നുകാലികൾ ഗതാഗത തടസ്സം ഉണ്ടാക്കുന്നത് പതിവുകാഴ്ചയാണ്. വീടുകളിൽനിന്ന് രാവിലെ അഴിച്ചുവിടുന്ന ഇവയുടെ ഉത്തരവാദിത്വം പിന്നെ നാട്ടുകാർക്കും വഴിയാത്രക്കാർക്കുമാണെന്ന സ്ഥിതിയാണ്.

കുത്താൻ ഓടിച്ചാലോ വണ്ടിക്ക് വട്ടംചാടിയാലോ അപകടം വരാതെ നോക്കേണ്ടത് യാത്രക്കാരുടെ ചുമതലയാണ്. ഹോൺ അടിച്ചാൽപോലും മാറിപ്പോകാത്ത ഇവയെ വണ്ടിയിൽനിന്ന് ഇറങ്ങി റോഡിൽനിന്നും തെളിച്ചുമാറ്റേണ്ട ഗതികേടിലാണ് വാഹനയാത്രക്കാർ.

ഇരുചക്രവാഹന യാത്രികരും കാൽനടക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുത്താൻ ആഞ്ഞ പശുവിൽനിന്ന് ഒഴിഞ്ഞുമാറി വണ്ടിയിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിച്ചിട്ടില്ല. കന്നുകാലികളെ പൊതുനിരത്തുകളിലേക്ക് അഴിച്ചുവിടുന്നത് തടയാൻ തൃക്കാക്കര നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *