Your Image Description Your Image Description
Your Image Alt Text

വെങ്കിടങ്ങ് : ഏനാമാക്കൽ റെഗുലേറ്ററിന് സമീപം ഫെയ്സ് കനാലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള വളയംകെട്ടിന്റെ നിർമാണം വൈകിയതോടെ കൃഷിയിടത്തിലേക്ക് ഉപ്പുവെള്ളം കയറുന്നു. വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലയിലെ തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, പടിഞ്ഞാറേകരിമ്പാടം, പൊണ്ണമുത, ഏലമുത, കിഴക്കേ കരിമ്പാടം, മതുക്കര തെക്ക്, വടക്ക് കോൾപ്പടവുകൾ, അടാട്ട് മേഖല തുടങ്ങി കൃഷിയിടത്തിലേക്കാണ് ഉപ്പുവെള്ളം കയറുന്നത്. ഭൂരിഭാഗം പടവുകളിലും കൃഷി തുടങ്ങി 40 ദിവസത്തോളം പിന്നിട്ടു. തെക്കേ കോഞ്ചിറ പടവിൽ കൊയ്ത്തിന് സമയമായി. ഈ സാഹചര്യത്തിലാണ് കർഷകരെ വെട്ടിലാക്കി ഉപ്പുവെള്ളം കയറുന്നത്.

പതിനായിരം ഏക്കറോളം നെൽകൃഷിയെയാണ് ഇത് ബാധിക്കുക. 2021-22-ൽ ഉപ്പുവെള്ളം കയറിയതിലൂടെ വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം 13.65 കോടിയുടെ നഷ്ടം കർഷകർക്ക് ഉണ്ടായിട്ടുണ്ട്. വേലിയേറ്റത്തിൽ ചോർച്ചയുള്ള ഏനാമാക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ വഴിയാണ് ഉപ്പുവെള്ളം ഫെയ്സ് കനാലിൽ എത്തുന്നത്. ഇവിടെനിന്ന് ചെമ്മീൻചാൽ വഴി ഉപ്പുവെള്ളം കോൾമേഖലയിലേക്കെത്തും.സാധാരണ ഡിസംബർ 25-നകം വളയംകെട്ടിന്റെ പണി പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ ഇത്തവണ വൈകിയാണ് പണി തുടങ്ങിയത്. ഏനാമാക്കലിൽ വളയംകെട്ടിനായി കുറ്റിയടിക്കൽ മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനി പനമ്പ് കൊണ്ട് കെട്ടിയുണ്ടാക്കി മണ്ണുനിറച്ച് വളയംബണ്ട് ബലപ്പെടുത്തണം. ഇതിന് ഇനിയും സമയമെടുക്കും. അപ്പോഴേക്കും ഉപ്പുവെള്ളം കൃഷിയിടത്തിലേക്ക് കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ചിമ്മിനി ഡാം തുറന്നെങ്കിലും വെള്ളം ഫെയ്സ് കനാലിലേക്ക് ആവശ്യാനുസരണം എത്തുന്നില്ല. കരുവന്നൂരിലെ താമരവളയം കലുങ്ക് അടയ്ക്കാത്തതാണ് ഇതിന് കാരണം. ഇതുവഴി ശുദ്ധജലം പാഴായി ഒഴുകയാണ്.

ഇഞ്ചിമുടിയിലെ കലുങ്കിനും ചോർച്ചയുണ്ട്. ഇവ പരിഹരിക്കാതെ ഏനാമാക്കൽ ഫെയ്സ് കനാലിലേക്ക് ശുദ്ധജലമെത്തില്ല. വളയംകെട്ട് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഏനാമാക്കൽ – മുല്ലശ്ശേരി കോൾകർഷക കൂട്ടായ്മ വ്യാഴാഴ്ച രാവിലെ പത്തിന് ഏനാമാക്കൽ റെഗുലേറ്റർ പരിസരത്ത് സൂചനസമരം നടത്തുമെന്ന് കൺവീനർ പി. പരമേശ്വരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *