Your Image Description Your Image Description

ന്യൂഡൽഹി: ഹിമാചലില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ മൂര്‍ച്ഛിക്കവെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങ് രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി. സുഖ് വീന്ദര്‍ സുഖു സര്‍ക്കാരിനോട് എത്രയും വേഗം നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നാണ് ബിജെപിയുടെ ആവശ്യം.

‘രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു’ എന്നായിരുന്നു ഗവര്‍ണറെ കണ്ടതിന് ശേഷം ജയറാം ഠാക്കൂറിന്റെ പ്രതികരണം.ഹിമാചലിൽ സർക്കാരിന് ഭീഷണി ഉയർന്നതിന് പിന്നാലെ അടിയന്തിര നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കേന്ദ്ര നേതൃത്വം ഹിമാചലിലേയ്ക്ക് നിയോഗിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ ആറ് എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന ആരോപണവുപമായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തിയിരുന്നു. സിആർപിഎഫും ഹരിയാന പൊലീസും എസ്കോർട്ട് നൽകിയെന്നായിരുന്നു സുഖുവിൻ്റെ ആരോപണം. എംഎൽഎമാരെ മടക്കി എത്തിക്കാൻ ശ്രമം തുടരുകയാണെന്നും എംഎൽഎമാരുമായി സംസാരിക്കുമെന്നും സുഖു വ്യക്തമാക്കിയിരുന്നു. ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഉറപ്പായിരുന്ന ഒരേയൊരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി അട്ടിമറി വിജയം നേടിയതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്ങ്‌വിയെയാണ് ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന പരാജയപ്പെടുത്തിയത്. കോൺ​ഗ്രസിന്റെ ആറ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സിങ്ങ്‌വിയുടെ പരാജയം ഉറപ്പായത്. വിജയിക്കാൻ 35 വോട്ട് വേണ്ടിടത്ത് ഇരുവർ‌ക്കും 34 വോട്ടാണ് ലഭിച്ചത്. ഇതോടെ ടോസ് ഇട്ടാണ് വിജയിയെ കണ്ടെത്തിയത്. മൂന്ന് സ്വതന്ത്രരുടെ വോട്ടും നേടാനായത് ബിജെപിക്ക് ​ഗുണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *