Your Image Description Your Image Description
തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ സേവനനിരതമായ കേന്ദ്രങ്ങളായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതപ്രയാസങ്ങൾ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്നുവെന്നും ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഷികതയുടെ പ്രതീകമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്‌സ ഫ്‌ളൈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ലെറ്റ്സ് ഫ്ളൈ പദ്ധതിക്കായി വിനിയോഗിച്ചത്. ആറ് പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 19 ഗുണഭോക്താക്കൾക്കാണ് ഇലക്ട്രിക് വീൽ ചെയറുകൾ നൽകിയത്. ഡോക്ടർമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘം വീടുകൾ സന്ദർശിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ഉപജീവന മാർഗത്തിനായും പഠനത്തിനായും പുറത്തേക്ക് പോകേണ്ടുന്നവർക്ക് പദ്ധതിയിൽ മുൻഗണന നൽകി. ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി, ഓരോ ഗുണഭോക്താവിനും ആവശ്യപ്രദമായ രീതിയിലാണ് വീൽ ചെയറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റാർട്ട് അപ് ആയ ഡെസിൻടോക്സ് ടെക്നോളജീസാണ് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തത്. ഡബ്ല്യൂ.സി 350 ആർ മോഡൽ ഇലക്ട്രിക് വീൽചെയറുകൾക്ക് രണ്ട് വർഷത്തെ വാറന്റിയുമുണ്ട്.
പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *