Your Image Description Your Image Description

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിക്കുകയാണ്. ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രധാനമന്ത്രിയോട് വിശദീകരിക്കുന്നു. സോമനാഥ് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എന്നിവർ മോദിയെ അനുഗമിക്കുന്നുണ്ട്.ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും.

ഇതിൻ്റെ ഭാഗമായി നാല് ബഹിരാകാശ സഞ്ചാരികളും വിഎസ്എസ്‌സിയിൽ എത്തിയിട്ടുണ്ട്. സംഘത്തിൽ മലയാളിയും ഉണ്ടെന്നാണ് റിപ്പോർട്ട്.ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലും സ്ഥാപിച്ച 1800 കോടി രൂപയുടെ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതേത്തുടർന്ന് അദ്ദേഹം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ സമാപന ചടങ്ങിൻ്റെ ഭാഗമായി അവിടെ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം മോദി ഇന്ന് ഉച്ചയോടെ കോയമ്പത്തൂരിലേക്ക് പോകും. തുടർന്ന് 2.45ന് തിരുപ്പൂരിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകിട്ട് നാലിന് മധുരയിലേക്ക് ഹെലികോപ്റ്ററിൽ എത്തുന്ന മോദി ചെറുകിട, ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങിയ ശേഷം നാളെ തൂത്തുക്കുടിയിലും തിരുനെൽവേലിയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്‌നാട് സന്ദർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *