Your Image Description Your Image Description
Your Image Alt Text

ബിജെപിയിൽ സ്ഥാനാർത്ഥിയാകാനും സ്ഥാനാർത്ഥിയായി തീരുമാനിച്ചവരൊക്കെയായി കൂട്ടയടി തുടങ്ങി.
തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാൻ ബിജെപി ദേശീയ നേതാക്കൾ താൽപ്പര്യപ്പെടുന്ന രാജീവ്‌ ചന്ദ്രശേഖറിനെതിരെ സംസ്ഥാന നേതൃത്വം തന്നെ രംഗത്തുവന്നിരിക്കുകയാണ് .

ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവരുടെ അപ്രീതി ഒഴിവാക്കാൻ, സംസ്ഥാനം കൊടുത്ത പട്ടികയിൽ രാജീവിന്റെ പേരുൾപ്പെടുത്തിയിരുന്നു. എന്നാൽ, നേതാക്കൾ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ചർച്ചകളിലും അഭിപ്രായങ്ങളിലും വിയോജിപ്പ്‌ അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞദിവസം ഡൽഹിയിലെത്തി സാധ്യതാപട്ടിക കൈമാറി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്‌ എത്തുമ്പോൾ 10 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ്‌ ശ്രമം.

കവടിയാർ കൊട്ടാരത്തിൽനിന്നുള്ള പ്രതിനിധിയെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാൻ നോക്കിയിരുന്നു. അവസാനം കുമ്മനം രാജശേഖരന്റെ പേരിൽ തന്നെയാണ്‌ സംസ്ഥാന നേതൃത്വം എത്തിയത്‌. കേന്ദ്രമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ തന്നെയും പേരുകളും ഒടുവിൽ നടി ശോഭനയുടെ പേരും തിരുവനന്തപുരത്തെ സ്ഥാനാർഥിയെന്ന നിലയിൽ പ്രചരിപ്പിച്ചതിനു പിന്നിൽ ബിജെപി കേന്ദ്രങ്ങളാണ്‌.

സിനിമാനിർമാതാവ്‌ ജി സുരേഷ്‌കുമാർ ബിജെപിയിൽ സജീവമായതായാണ്‌ ശോഭനയടക്കമുള്ള താരങ്ങളുടെ പേര്‌ ഉയർന്നത് . സുരേഷ്‌കുമാർ തന്നെ മത്സരിച്ചേക്കുമെന്നും പ്രചാരണമുണ്ടായി .
കൊല്ലത്തും കുമ്മനത്തിന്റെ പേരുണ്ട്‌. പത്തനംതിട്ടയിൽ പി സി ജോർജ്‌ വേണ്ടെന്ന്‌ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചതിനാൽ മകൻ ഷോൺ ജോർജിനെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളത്തും കോട്ടയത്തും അനിൽ ആന്റണിയുടെ പേര് ചേർത്തിരുന്നു , എന്നാൽ കോട്ടയം ബിഡിജെഎസിന് വിട്ടുകൊടുത്തു . തുഷാർ വെളളാപ്പള്ളി അവിടെ മത്സരിക്കും . അനിൽ ആന്റണി എറണാകുളത്ത് മത്സരിക്കും .

ആലത്തൂരിൽ ഷാജി വട്ടേക്കാട്‌, പാലക്കാട്‌ സി കൃഷ്ണകുമാർ, തൃശൂർ സുരേഷ്‌ ഗോപി എന്നിവർ സീറ്റുകളുറപ്പിച്ചു . അവരൊക്കെ പ്രചാരണവും തുടങ്ങി . പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനും എം ടി രമേശും മത്സരരംഗത്തുണ്ടാകും. പക്ഷെ സീറ്റുകളിൽ ധാരണയായില്ല .

പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി മോഹികളുടെ ഇടിയാണ് . സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളവർക്കെതിരായി കേന്ദ്ര നേതൃത്വത്തിന് പരാതികളയക്കുന്ന തിരക്കിലാണ് സീറ്റ് മോഹികളിൽ പലരും . ഏതായാലും ബിജെപിയിൽ അടി മൂക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *