Your Image Description Your Image Description
Your Image Alt Text

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വളരെ പ്രതീക്ഷകളുമായിട്ടായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ പുതിയ സഖ്യം രൂപീകരിച്ചത്. ‘ഇന്ത്യ’ എന്ന് പേരിട്ട സഖ്യത്തില്‍ രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും അണി ചേർന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ഇപ്പുറും സഖ്യം ചുരുക്കം ചില സംസ്ഥാനങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായിരുന്ന നിതീഷ് കുമാറായിരുന്നു. സഖ്യത്തിന്റെ മുഖമായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാന്‍ വരെ നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ സഖ്യത്തിന്റെ കണ്‍വീനർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നിതീഷ് കുമാർ സഖ്യം വിടുകയായിരുന്നു.

ബിഹാറിലെ മഹസഖ്യ സർക്കാറിനെ വീഴ്ത്തിക്കൊണ്ടാണ് നിതീഷ് കുമാർ ബി ജെ പി പാളയത്തിലേക്ക് വീണ്ടും ചേക്കേറിയത്. ഇതോടെ ബിഹാറിലെ ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

നിതീഷ് കുമാർ സഖ്യം വിട്ടതിന് പിന്നാലെയാണ് യുപിയില്‍ നിന്നുള്ള മറ്റൊരു സഖ്യ കക്ഷിയായ ആർ എല്‍ ഡിയും മുന്നണി വിടുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഏഴ് സീറ്റുകളില്‍ ആർ എല്‍ ഡി മത്സരിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ബി ജെ പി രണ്ട് സീറ്റുകള്‍ ലോക്സഭയിലേക്കും ഒരെണ്ണം രാജ്യസഭയിലേക്കും വാഗ്ദാനം ചെയ്ത് ആർ എല്‍ ഡി യെ റാഞ്ചുകയായിരുന്നു. ഫലത്തില്‍ യു പി യിലെ സഖ്യം കോണ്‍ഗ്രസിനും എസ്പികും ഇടയില്‍ ഒതുങ്ങി. എസ്പിയുമായുള്ള സഖ്യത്തില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് യുപിയില്‍ മത്സരിക്കും.

മമത ബാനർജി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ബംഗാളിലും ത്രിപുരയിലും സഖ്യമില്ല. ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസും സി പി എമ്മുമായിട്ടാണ് സഖ്യം. രണ്ട് സംസ്ഥാനങ്ങളിലും മമത ബാനർജി തനിച്ച് മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് മമതയ്ക്ക് താല്‍പര്യമുണ്ടെങ്കിലും സി പി എമ്മിനെ അടുപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്.

ജമ്മു കശ്മീരിലെ പ്രധാന സഖ്യകക്ഷികളാണ് നാഷണല്‍ കോണ്‍ഫറന്‍ലും പി ഡി പിയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബി ജെ പിയുമായി സഖ്യം രൂപീകരിക്കാനുള്ള ചർച്ചകളിലാണെന്നാണ് പുറത്ത് വരുന്ന വാർത്ത. പി ഡി പി തനിച്ച് മത്സരിക്കാനും ആഗ്രഹിക്കുന്നു.

പഞ്ചാബിലും ഛണ്ഡിഗണ്ഡിലും ഗുജറാത്തിലും കോണ്‍ഗ്രുമായി സഖ്യത്തിനില്ലെന്ന് എ എ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ 4-3 എന്ന തരത്തില്‍ സഖ്യത്തിന്റെ കാര്യത്തില്‍ ധാരണയുണ്ടായെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഇടക്ക് കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നല്‍കുവെന്ന് എ എ പി പ്രഖ്യാപിച്ചു. എന്നാല്‍ ദീർഘമായ ചർച്ചകള്‍ക്കൊടുവില്‍ ഡല്‍ഹിയിലും ചണ്ഡീഗഡിലും ഹരിയാനയിലും ഗോവയിലും ഇരുപാർട്ടികള്‍ക്കും ധാരണയില്‍ എത്താന്‍ സാധിച്ചു.

ഡൽഹിയിൽ 4 സീറ്റിൽ എഎപിയും 3 സീറ്റിൽ കോൺഗ്രസും മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഹരിയാനയിലെ ഒരു സീറ്റ് എ എ പിക്ക് നല്‍കും. ഗോവയിൽ കോൺഗ്രസും എഎപിയും ഓരോ സീറ്റിൽ വീതം മത്സരിക്കും.

ഫലത്തില്‍ ഇന്ത്യ സഖ്യം ഏറ്റവും ശക്തമായിട്ടുള്ളത് തമിഴ്നാട്ടിലാണ്. 2019 ല്‍ രൂപീകരിച്ച സഖ്യം തമിഴ്നാട്ടില്‍ ഇപ്പോഴും ശക്തമാണ്. ഡി എം കെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് പുറമെ സി പി എം, സി പി ഐ, മുസ്ലിം ലീഗ്, വി സി കെ തുടങ്ങിയവരാണ് കക്ഷികളായിട്ടുള്ളത്. കമല്‍ഹാസനും കൂടെ സഖ്യത്തിന്റെ ഭാഗമാകാന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഇതുവരെ സഖ്യം പ്രാഖ്യാപിച്ചിട്ടില്ല.

രാഷ്ട്രത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഏത് സഖ്യത്തെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കുന്നത്. പ്രാദേശിക മാടമ്പി രാഷ്ട്രീയം കളിക്കുന്നവരുമായി ഒരിക്കലും തന്റെ പാര്‍ട്ടി കൈകോര്‍ക്കില്ല. എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. മക്കള്‍ നീതി മയ്യം സഖ്യത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം എന്തുസംഭവിച്ചാലും അത് മാധ്യമങ്ങളെ അറിയിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *