Your Image Description Your Image Description

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റ് വീഴ്ത്തി തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍120 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ബെന്‍ ഫോക്സും ടോം ഹാര്‍ട്‌ലിയും ക്രീസില്‍. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് കൈയിലിരിക്കെ സ്പിന്നര്‍മാരെ തുണച്ചു തുടങ്ങിയ പിച്ചില്‍ ഇംഗ്ലണ്ടിന് 166 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ഇന്ത്യത്തായി അശ്വിന്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുമെടുത്തു.

അശ്വിന്‍റെ ഇരട്ടപ്രഹരം

46 റണ്‍സിന്‍റെ ആത്മവിശ്വാസത്തിൽ തകര്‍ത്തടിക്കാന്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്പിന്നര്‍മാരുമായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകളിലായി ബെന്‍ ഡക്കറ്റിനെയും(15),ഒലി പോപ്പിനെയും(0) വീഴ്ത്തി ഇരുട്ടടി നല്‍കി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ജോ റൂട്ടായിരുന്നു പിന്നീട് അശ്വിന്‍റെ ഇര. റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സെ ഉണ്ടായിരുന്നു. ജോണി ബെയര്‍സ്റ്റോയും സാക് ക്രോളിയും ചേര്‍ന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറി.

എന്നാല്‍ കുല്‍ദീപ് യാദവ് സാക് ക്രോളിയെയും(6) നായകന്‍ ബെന്‍ സ്റ്റോക്സിനെയും(4) വീഴ്ത്തിയതോടെ ഇന്ത്യ തിരിച്ചുവന്നു. ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ബെയര്‍സ്റ്റോയെ(30) വീഴ്ത്തി ജഡേജ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എങ്കിലും 166 റണ്‍സിന്‍റെ ലീഡുള്ള ഇംഗ്ലണ്ടിന് തന്നെയാണ് ഇപ്പോഴും മത്സരത്തില്‍ മുന്‍തൂക്കം. സ്പിന്നര്‍മാര്‍ക്ക് ടേണും അസാധാരണമായി പന്ത് താഴ്ന്നുവരികയും ചെയ്യുന്ന പിച്ചില്‍ 200ന് മുകളിലുള്ള വിജയലക്ഷ്യം ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *