Your Image Description Your Image Description

സോഷ്യല്‍ മീഡിയയില്‍ നിത്യവും എണ്ണമറ്റ വീഡിയോകളാണ് വരാറ്, അല്ലേ? ഇവയില്‍ തന്നെ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ എല്ലാം ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. നമുക്ക് നേരില്‍ കാണാനോ അനുഭവിക്കാനോ സാധിക്കാത്ത കാഴ്ചയെന്ന നിലയിലായിരിക്കും ഇവയ്ക്ക് ഇത്രമാത്രം കാഴ്ചക്കാരെ ലഭിക്കുന്നത്.

മൃഗങ്ങളുടെ വീഡിയോ ആണെങ്കില്‍ തന്നെ ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്നതോ അല്ലെങ്കില്‍ കൗതുകത്തോടെയോ അത്ഭുതത്തോടെയോ കാണുന്നത് ആനകളുമായി ബന്ധപ്പെട്ട വീഡിയോകളാണെന്ന് നിസംശയം പറയാം. ഇത്തരത്തില്‍ ഇപ്പോള്‍ തമിഴ് നാട്ടില്‍ നിന്നുള്ളൊരു വീഡിയോ വളരെ ശ്രദ്ധ നേടുകയാണ്. തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. കനാലില്‍ വീണ ആനക്കുട്ടിയെ വനപാലകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, അമ്മയാനയ്ക്കൊപ്പം വിടുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് വീഡിയോ ആണ് യഥാര്‍ത്ഥത്തില്‍ സുപ്രിയ സാഹു പങ്കുവച്ചിരിക്കുന്നത്.

ഇതിലൊരു വീഡിയോയില്‍ ആനക്കുട്ടി കനാലില്‍ വീണുകിടക്കുന്നതാണ് കാണുന്നത്. ഇതിനെ രക്ഷിക്കാനായി അമ്മയാന കനാലിലേക്ക് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അമ്മയ്ക്ക് കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കാൻ സാധിച്ചില്ല. കുഞ്ഞിനാണെങ്കില്‍ കനാലിലെ ഒഴുക്കിനെ വെട്ടിക്കാനും സാധിക്കുന്നില്ല.
അങ്ങനെ അമ്മയാന തോറ്റ് പിന്തിരിഞ്ഞതോടെയാണ് വനപാലകര്‍ രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഏറെ ശ്രമകരമായി ഇവര്‍ കുട്ടിയാനയെ കനാലില്‍ നിന്ന് പുറത്തെത്തിക്കുന്നതാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. മൂന്നാമത്തെ വീഡിയോ ആണ് പക്ഷേ മിക്കവരും പങ്കുവച്ചിരിക്കുന്നതും ഏറെ പേര്‍ കണ്ടിരിക്കുന്നതും. ഈ വീഡിയോയില്‍ കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ പോകുന്ന അമ്മയാനയെ ആണ് കാണുന്നത്.

പോകുന്നതിനിടെ അമ്മയാന തുമ്പിക്കൈ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇത് നന്ദിയുടെ സൂചനയാണെന്നാണ് സുപ്രിയ സാഹു കുറിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോകള്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വനപാലകരെ പ്രകീര്‍ത്തിച്ചുകൊണ്ട് കമന്‍റുകളും പങ്കുവച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *