Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകും. 48 ലോക്‌സഭ മണ്ഡലത്തില്‍ 8 സീറ്റുകളില്‍ സംസ്ഥാനത്ത് തര്‍ക്കം തുടരുകയാണ്. ബിഹാറിലും ജാര്‍ഖണ്ഡിലും ഉടന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.

ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാന്‍ മമത തയ്യാറാണ്. പശ്ചിമ ബംഗാള്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകള്‍ പങ്കുവയ്ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ടിഎംസിക്ക് സീറ്റുകള്‍ നല്‍കി സമവായം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഡിഎംകെയുമായി അവസാന വട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടത്താനാണ് തീരുമാനം.

അതേസമയം ബറൂച്ച് മണ്ഡലം എഎപിക്ക് നല്‍കിയതില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബം കടുത്ത അതൃപ്തിയിലാണ്. ബറൂച്ചിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതില്‍ അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ ജനങ്ങളോട് ക്ഷമാപണം നടത്തി കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. മുംതാസ് പട്ടേല്‍ ബറൂച്ചില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് സീറ്റ് ആപ്പിന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *