Your Image Description Your Image Description

ബംഗളൂരു: വനിതാ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ മലയാളി താരം സജന സജീവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്‌സ് അടിച്ച് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചിരുന്നു സജന. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ആദ്യ പന്ത് നേരിട്ട സജ്‌ന ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ പടുകൂറ്റന്‍ സിക്‌സിലൂടെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ഇപ്പോള്‍ സജനയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസ്. ജമീമ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചതിങ്ങനെ… ”മത്സരത്തിന്റെ ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. അരങ്ങേറ്റക്കാരി സജനയുടെ ഫിനിഷിംഗ് അമ്പരപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ അവര്‍ക്കെല്ലാം നഷ്ടമായിരുന്നു. വളരെ മോശം സാഹചര്യത്തില്‍ നിന്ന് വരുന്ന താരം. ടീമിന് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോഴാണ് ക്രീസിലെത്തുന്നത്. അനായാസമായി അവര്‍ സിക്‌സര്‍ പായിച്ചു. എന്തൊരു കഥയാണിത്, അതിലുമപ്പുറം എന്തൊരു താരമാണവള്‍.” ജമീമ കുറിച്ചിട്ടു.

മുംബൈ ബാറ്റിംഗ് നിരയില്‍ ഒമ്പതാം നമ്പറിലാണ് ഇറങ്ങിയതെങ്കിലും 29കാരിയായ സജ്‌ന മുംബൈ ഇന്ത്യന്‍സിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡാണെന്നാണ് സഹതാരം യാസ്തിക ഭാട്ടിയ വിശേഷിപ്പിച്ചത്. ഈ ഐപിഎല്ലില്‍ നോട്ടമിടേണ്ട താരങ്ങളിലൊരാളാണ് സജ്‌നയെന്ന് മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മത്സരത്തിന് മുമ്പെ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു യാസ്തികയുടെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *