Your Image Description Your Image Description
Your Image Alt Text

മുതുകുളം : ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് ചൊവ്വാഴ്ച 19-വർഷം തികയുമ്പോഴും തീരദേശവാസികളുടെ മനസ്സിലെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാൻ ബാക്കിയാണ്. 2004-ഡിസംബർ 26-നു ഇൻഡൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തെത്തുടർന്നാണ് ആർത്തലച്ചെത്തിയ കൂറ്റൻതിരകൾ ആറാട്ടുപുഴയുടെ തീരത്തേക്ക് ഇരമ്പിക്കയറിയത്.

ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളിൽ സുനാമിത്തിരകൾ വലിയ നാശമുണ്ടാക്കി. സ്ത്രീകളും കുട്ടികളുമടക്കം 29 പേരുടെ ജീവനാണ് നിമിഷനേരംകൊണ്ടു നഷ്ടമായത്. വളർത്തുമൃഗങ്ങളുൾപ്പെടെ മറ്റനേകം ജീവനും ദുരന്തത്തിൽ പൊലിഞ്ഞു.സർവതും നഷ്ടപ്പെട്ട് കടലിലേക്കുനോക്കി അലറിവിളിച്ചുനിന്ന തീരദേശജനതയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കോടികൾ മുടക്കി. അടിസ്ഥാനസൗകര്യവികസനത്തിൽ കുറേയേറെ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ചില പദ്ധതികൾ ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്താതെയും പോയി.

കായംകുളംകായലിനു കുറുകെപ്പണിത കൊച്ചിയുടെജെട്ടി പാലം, സ്‌പെഷ്യൽ പാക്കേജിലുൾപ്പെടെ നിർമിച്ച മൂവായിരത്തിലധികം വീടുകൾ, എല്ലാവർക്കും ഗുണകരമാകുന്നില്ലെങ്കിലും കുടിവെള്ളപദ്ധതി, വൈകിയാണെങ്കിലും തുറന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികിത്സാവാർഡ് എന്നിവയെല്ലാം നേട്ടങ്ങളാണെന്നു പറയാം. ഇനിയും പൂർണതോതിൽ പ്രവർത്തനസജ്ജമായില്ലെങ്കിലും വലിയഴീക്കൽ മത്സ്യബന്ധന തുറമുഖവും തീരദേശവാസികൾക്ക് ഏറെ പ്രതീക്ഷനൽകുന്ന പദ്ധതിയാണ്.

തറയിൽക്കടവിൽ പ്രയോജനപ്പെടാതെകിടക്കുന്ന വൃദ്ധസദനം, പ്രവർത്തനം തുടങ്ങാനാകാത്ത ആയുർവേദാശുപത്രിയിലെ കിടത്തിച്ചികിത്സാവാർഡ്, പാതിവഴിയിൽ പണിനിർത്തിയ സ്കൂൾക്കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം പോരായ്മകളിൽപ്പെടുത്താം. മുടങ്ങിക്കിടന്ന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചെങ്കിലും തറയിൽക്കടവിലെ ഫിഷറീസ് അശുപത്രികൊണ്ട് ഇനിയും സുനാമിബാധിതർക്ക് പ്രതീക്ഷിച്ച പ്രയോജനമുണ്ടായിട്ടില്ല.രണ്ടുദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിയാത്ത രാമഞ്ചേരിയിലെ ഫിഷ്‌മീൽ പ്ലാന്റ് ഭരണകൂടകെടുകാര്യസ്ഥതയുടെ ഉദാഹരണമായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *