Your Image Description Your Image Description
Your Image Alt Text

അഞ്ചൽ : കോടികൾ ചെലവഴിച്ച് അഞ്ചൽ മാർക്കറ്റ് ജങ്ഷനിൽ നിർമിച്ച സർക്കാർ കെട്ടിടങ്ങൾ ഉപയോഗശൂന്യമായിക്കിടക്കുന്നു. സ്ത്രീകളുടെ ശൗചാലയം, അമിനിറ്റി സെന്റർ, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം, വനിതാ വിശ്രമകേന്ദ്രം, പഞ്ചായത്ത് കെട്ടിടം എന്നിവയാണ് ഉപയോഗിക്കാത്തത്. അഞ്ചൽ പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ ഒരു പൊതുശൗചാലയം നിർമിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങളായി സ്ത്രീകളുടെ ശൗചാലയം പൂട്ടിയിട്ടിരിക്കുകയാണ്.

പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിനോടു ചേർന്ന് അമിനിറ്റി സെന്റർ നിർമിക്കുന്നതിന്‌ മുൻമന്ത്രി കെ.രാജുവിന്റെ വികസനഫണ്ടിൽനിന്ന് 77.75 ലക്ഷം രൂപ ചെലവഴിച്ചതാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ യാത്രക്കാരുടെ വിശ്രമമുറിയും ശൗചാലയവും കഫെറ്റേരിയയും മുകളിലത്തെ നിലയിൽ ആധുനികസജ്ജീകരണങ്ങളോടുകൂടിയ എ.സി. കോൺഫറൻസ് ഹാളുമാണ് ഉണ്ടാകുക. എന്നാൽ ഇതുവരെ ഇതിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.അമിനിറ്റി സെന്ററിനോടു ചേർന്ന് പ്രവർത്തിക്കുന്ന വനിതാ വിശ്രമകേന്ദ്രം 2017-18 സാമ്പത്തികവർഷത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണ്. ഉദ്ഘാടനവും നടന്നു. പിന്നീട് ഇതുവരെ ഈ കെട്ടിടം മറ്റാർക്കും തുറന്നുകൊടുത്തിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമ്മാർക്കുംവേണ്ടി സ്ഥാപിച്ചതാണ്.

പഞ്ചായത്തിന്റെ മറ്റൊരു സ്ഥാപനവും ഇവിടെ പാതിവഴിയിലാണ്. ബസ്‌ സ്റ്റാൻഡിനോടു ചേർന്ന് എട്ടു മുറികളുള്ള കെട്ടിടമാണ് വർഷങ്ങളായി നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത്. ഇവിടം വാഹന പാർക്കിങ്ങിനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പഞ്ചായത്തിന് തനത് ഫണ്ട് നേടാൻ കഴിയുന്ന എട്ടു മുറികളുടെ നിർമാണമാണ് നിലച്ചത്. ഇതിനു സമീപത്തുതന്നെ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടവും നശിക്കുന്നു. കുടുംബശ്രീ ഹോട്ടൽ, ആയുർവേദ ആശുപത്രി എന്നിവ ഇവിടെ പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ഒന്നും ആരംഭിച്ചിട്ടില്ല. ഇവിടം സമൂഹവിരുദ്ധരുടെ താവളവും ചന്തയിലെ മാലിന്യം തള്ളുന്നതിനുള്ള സ്ഥലവുമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *