Your Image Description Your Image Description

 

മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുമായി ചേര്‍ന്ന് സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലുള്ള മികച്ച സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന എം.എസ്.എം.ഇ അവാര്‍ഡ് നല്‍കുന്നതിനോടൊപ്പം തന്നെ ആദ്യമായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും, തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കും ഇത്തവണ അവാര്‍ഡുണ്ട്. സംരംഭകവര്‍ഷത്തിലെ പ്രവര്‍ത്തനത്തിനും, സംരംഭ രൂപീകരണത്തിനും, മികവിനും, സംരംഭക അന്തരീക്ഷം വളര്‍ത്തുന്നതിലെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതികളാണ് വിവിധ ക്യാറ്റഗറികളില്‍ ഉള്ള അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 14 സൂക്ഷ്മ സംരംഭങ്ങളും, 12 ചെറുകിട സംരംഭങ്ങളും, 10 ഇടത്തരം സംരംഭങ്ങളും ഒരു വന്‍കിട സംരംഭവുമാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. 13 വനിതാ സംരംഭകരും, ഒരു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകനും, 8 എക്‌സ്‌പോര്‍ട്ട് സംരംഭങ്ങളും, ഒരു ഉല്‍പാദന സ്റ്റാര്‍ട്ടപ്പും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
ഇതോടൊപ്പം വ്യവസായ വികസന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (15 പഞ്ചായത്തുകള്‍, 12 മുനിസിപ്പാലിറ്റികള്‍ 3 കോര്‍പറേഷനുകള്‍) അവാര്‍ഡ് ജേതാക്കളായിട്ടുണ്ട്. സംരംഭക വര്‍ഷം 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡും കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള ആദരമായി സ്‌പെഷ്യല്‍ റെക്കഗ്‌നിഷന്‍ ഫോര്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ എന്നീ അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷം സേവന മേഖലയിലും ട്രേഡ് മേഖലയിലും അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും വേണ്ടത്ര അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം അവാര്‍ഡുകള്‍ ഈ മേഖലകളില്‍ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. വരും വര്‍ഷങ്ങളില്‍ സേവന മേഖലയിലും ട്രേഡ് മേഖലയിലും അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളുടെ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ള സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും മികവിനായി പരിശ്രമിക്കാന്‍ വേണ്ടിയുള്ള പ്രചോദനവും കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സുതാര്യമായ തിരഞ്ഞെടുപ്പ്

വസ്തുനിഷ്ഠവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായ മികച്ച സംരംഭങ്ങളെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്തിട്ടുള്ളത്. സംരംഭകരില്‍ നിന്നും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://awards.industry.kerala.gov.in) വഴിയാണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. നിക്ഷേപങ്ങള്‍, വാര്‍ഷിക വിറ്റുവരവുകള്‍, ലാഭം, കയറ്റുമതി, ജീവനക്കാരുടെ എണ്ണം, ലഭിച്ച സര്‍ട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത സമ്പ്രദായങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കോറിംഗ് മാനദണ്ഡം ഉപയോഗിച്ചുമാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *