Your Image Description Your Image Description

ശംഭു (പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ ഇളവുചെയ്യണമെന്നതുമടക്കം ആവശ്യങ്ങളുമായി പ്രഖ്യാപിച്ച രണ്ടാം കര്‍ഷക സമരം വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തില്‍. രാജ്യതലസ്ഥാനം വളയാന്‍ ലക്ഷ്യമിട്ട് പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച്, ബുധനാഴ്ചത്തെ പോലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. സമരത്തിന്റെ തുടര്‍നീക്കങ്ങള്‍ നേതാക്കള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ, പഞ്ചാബ് അതിര്‍ത്തികളില്‍ കര്‍ഷകസമരം നടത്തുന്ന നേതാക്കള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ക്കെതിരേയും ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ.) ചുമത്താന്‍ ഹരിയാണ പോലീസ് തീരുമാനിച്ചു. സമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയാണെന്നും പൊതുമുതല്‍ നശിപ്പിക്കുകയാണെന്നും അംബാല ജില്ലാ പോലീസ് പ്രസ്താവനയിറക്കി.

‘അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയും പോലീസിനുനേരേ കല്ലെറിഞ്ഞും ക്രമസമാധാനം ഇല്ലാതാക്കാന്‍ ദിവസേന ശ്രമങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും വസ്തു വകകള്‍ക്ക് സമരക്കാര്‍ കാരണമുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. സമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമങ്ങളുണ്ട്. ഭരണകൂടത്തിനെതിരേ കര്‍ഷകനേതാക്കള്‍ പ്രകോപനപകരമായ പ്രസംഗങ്ങളാണ് നടത്തുന്നത്. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ മോശം പദങ്ങള്‍ ഉപയോഗിക്കുന്നു. സമരത്തിന്റെ പേരില്‍ അക്രമം നടത്തുകയാണെന്നും’ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്‍.എസ്.എ. ചുമത്തുന്നതോടെ കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു തുടര്‍നടപടികളെടുക്കാന്‍ പോലീസിനാവും.

കൊല്ലപ്പെട്ട ശുഭ് കരണ്‍ സിങ്ങിന്റെ (21) മൃതദേഹം പട്ട്യാലയിലെ രജീന്ദ്ര ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവ കര്‍ഷകനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കണമെന്നും സഹോദരിക്ക് പഞ്ചാബ് സര്‍ക്കാര്‍ജോലി നല്‍കണമെന്നും സമരരംഗത്തുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *