Your Image Description Your Image Description

ജില്ലയിൽ കഴിഞ്ഞ ഏഴ് വർഷത്തിൽ 39840 പട്ടയങ്ങളുടെ വിതരണം നടത്തിയതായി
വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും സംയുക്തമായി നടത്തുന്ന ജില്ലാതല പട്ടയമേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘ ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ നിയമം നടപ്പാക്കുക വഴി ആയിരക്കണക്കിന് ആളുകളെ ഭൂമിയുടെ ജന്മാവകാശികളാക്കിയ കേരള സർക്കാർ ഭൂപരിധി വ്യവസ്ഥയുടെ ലംഘനം തടയാൻ യുണീക്ക് തണ്ടപ്പേര് സംവിധാനം ആവിഷ്കരിക്കുകയാണ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’ 2024-ൽ യാഥാർത്ഥ്യമാവുന്നതോടുകൂടി ഭൂമിയുടെ ക്രയവിക്രയം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും. റവന്യൂ വകുപ്പ് ഏർപ്പെടുത്തിയ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിതർ ഇല്ലാത്ത കേരളം എന്നത് സർക്കാർ ലക്ഷ്യം: മന്ത്രി എം.ബി രാജേഷ്
ഭൂരഹിതർ ഇല്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഭൂമിയുടെ ലഭ്യത കുറവായ കേരളത്തിൽ ഇത് കഠിനമായ ലക്ഷ്യമാണ്. പക്ഷേ പറഞ്ഞത് പ്രാവർത്തികമാക്കുന്ന സർക്കാർ ഇത് നടപ്പാക്കും. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് 1,53,000 പേർക്ക് സർക്കാർ പട്ടയം നൽകി. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മൂന്നേകാൽ ലക്ഷം പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. 494854 പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിർമ്മിക്കാനുള്ള തുക അനുവദിച്ചു. 375631 പേരുടെ വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. സംസ്ഥാനത്ത് ഇനി വീടിനായി അപേക്ഷ നൽകിയ ആറ് ലക്ഷം പേരുടെ ലിസ്റ്റാണുള്ളത്. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് 24000 കോടി രൂപയാണ് ആവശ്യമുള്ളത്. കേരളത്തിന് ലഭിക്കാനുള്ള 1,07,000 കോടി രൂപ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഈ തുക ലഭിക്കുന്നതോടെ വരുന്ന രണ്ടര വർഷം കൊണ്ട് ലിസ്റ്റിൽ ശേഷിക്കുന്ന ആറ് ലക്ഷം പേർക്കും വീട് അനുവദിക്കും. വീട് അപേക്ഷിക്കുന്നവരുടെ അവകാശമാണ്, അത് ആരുടെയും ഔദാര്യമല്ല. ഇതുകൊണ്ടുതന്നെ പണി പൂർത്തിയാക്കിയ ലൈഫ് വീടിനു മുന്നിൽ എന്തെങ്കിലും ലേബൽ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാറിനില്ല എന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്ത മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ ആഭിമുഖ്യത്തിൽ പട്ടയവിതരണം നടന്നു. ജില്ലയിൽ നടന്ന പട്ടയമേളയിൽ വിതരണത്തിനുള്ള 7218 പട്ടയങ്ങളില്‍ 6026 പട്ടയങ്ങളുടെ
വിതരണമാണ് നടന്നത്. ബാക്കി 1192 എണ്ണം പട്ടയങ്ങളിൽ 1141 എണ്ണം അട്ടപ്പാടിയിലും 51 എണ്ണം തൃത്താലയിലുമായി നേരത്തെ വിതരണം നടത്തിയിരുന്നു. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷമാണ് പാലക്കാട്ടെ പട്ടയമേള നടന്നത്. സംസ്ഥാനതല പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായി.
പാലക്കാട് മേഴ്സി കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പരിപാടിയില്‍ എം.എല്‍.എമാരായ കെ. ബാബു, പി. മമ്മിക്കുട്ടി, എ. പ്രഭാകരന്‍, കെ. പ്രേംകുമാര്‍, പി.പി സുമോദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *