Your Image Description Your Image Description

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ ജോലിയല്ല. പ്രത്യേകിച്ച് അല്‍പം വണ്ണം കൂടുതലുള്ളവര്‍ക്ക്. ചിലര്‍ക്കാണെങ്കില്‍ അസുഖങ്ങളോ മരുന്നുകള്‍ കഴിക്കുന്നതോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മൂലമാകാം വണ്ണം കൂടുന്നത്. ഇവര്‍ക്കും അതത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ വണ്ണം കുറയ്ക്കാൻ കഴിയില്ല.

വണ്ണമുണ്ടാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും സാധ്യത കൂടുതലായിരിക്കും എന്നതിനാലാണ് വണ്ണം കുറയ്ക്കാൻ നിര്‍ദേശിക്കുന്നത്. എന്തായാലും ഇത് ആദ്യമേ സൂചിപ്പിച്ചത് പോലെ അത്ര എളുപ്പമല്ല. വണ്ണം കുറയ്ക്കാൻ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ചെയ്യേണ്ടിവരാം.

ഭക്ഷണങ്ങള്‍ ഒഴിവാക്കുക, നിയന്ത്രിക്കുക എന്നിവ മാത്രമല്ല ഭക്ഷണരീതിയില്‍ പല കാര്യങ്ങളും ശ്രദ്ധിക്കുക കൂടി ചെയ്താലേ വണ്ണം കുറയ്ക്കല്‍ സാധ്യമാകൂ. ഇത്തരത്തില്‍ നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു കാര്യമാണ് വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലമുണ്ടാക്കുകയെന്നത്.

സത്യത്തില്‍ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന പതിവുണ്ടെങ്കില്‍ അത് വണ്ണം കുറയ്ക്കുന്നതിന് സഹായകമാകുമോ? ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുന്നത് നല്ലതാണെന്നും ദോഷമാണെന്നും പറയുന്നവരുണ്ട്. അതേസമയം വണ്ണം കുറയ്ക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിന് 20-30 മിനുറ്റ് മുമ്പായി വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നതാണ് സത്യം.
ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പായി വെള്ളം കുടിക്കണമെന്ന് പറയുന്നത് വയര്‍ നിറഞ്ഞതായി തോന്നിക്കുന്നതിനും ഭക്ഷണം കുറവ് കഴിക്കുന്നതിനുമാണ്. ചിലര്‍ ഭക്ഷണം വാരിവലിച്ച് കഴിക്കാറുണ്ട്. ഇത് വണ്ണം കൂടുന്നതിലേക്ക് എളുപ്പത്തില്‍ നയിക്കും. എന്നാലീ ശീലം ഉപേക്ഷിക്കുന്നതിന് ഭക്ഷണത്തിന് മുമ്പ് ഒരു മുഴുവൻ ഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.

‘ഒബിസിറ്റി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ 2007ല്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ഭക്ഷണത്തിന് മുമ്പ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുള്ളവരില്‍ ഭക്ഷണം കഴിക്കുന്ന അളവ് കുറവ് തന്നെ ആയിരിക്കും. ഇതേ പ്രസിദ്ധീകരണത്തില്‍ 2009ല്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പറയുന്നത് ഈ ശീലമുണ്ടാക്കിയെടുത്തിട്ടുള്ളവരില്‍ ആഴ്ചകള്‍ കൊണ്ട് തന്നെ ശരീരഭാരത്തില്‍ വ്യത്യാസം വരും.

Leave a Reply

Your email address will not be published. Required fields are marked *