Your Image Description Your Image Description

ഇന്ന് ജംഷീറ എന്ന മിന്നുവിന്റെ നിക്കാഹാണ്. മിന്നുവിനെ പലരും മറന്നുകാണും. 16 വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വാർഡിൽ മാതാവ് ഉപേക്ഷിച്ചുപോയ രണ്ടു പെൺകുട്ടികളിൽ ഒരാളാണ് മിന്നു .

സഹോദരി പൊന്നു രണ്ടു വർഷം മുൻപ് വിവാഹിതയായി. ഇന്ന് വൈകിട്ട് വൈകിട്ട് 4.30 ന് കിണാശ്ശേരി റോഡ് ഗാർഡൻ ഓഡിറ്റോറിയത്തിലാണ് നിക്കാഹ്. ഉമ്മ ഉപേക്ഷിച്ചതിനു ശേഷം സംരക്ഷണം ഏറ്റെടുത്ത കിണാശ്ശേരി യത്തീംഖാനയിലെ മാനേജർ എം.പി.അഹമ്മദ് ഉൾപ്പെടെ ഒട്ടേറെ പേർക്കായി പ്രാർഥിച്ചു വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കും.

2007 സെപ്റ്റംബർ 28 വെള്ളിയാഴ്ച രാത്രിയാണു രണ്ടര വയസ്സുകാരി മിന്നുവെന്ന് വിളിക്കുന്ന ജംഷീറയും സഹോദരി പൊന്നുവെന്നുവിളിക്കുന്ന നാലര വയസ്സുകാരി ജംഷീനയും അനാഥരായത്. മാതാവ് നസീറ രണ്ടു മക്കളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ചു സ്ഥലംവിട്ടു.

ചികിത്സയിൽ കഴിയുന്ന സുഹൃത്ത് സിന്ധുവിനെ കാണാനാണു നസീറ മക്കളെയും കൂട്ടി ആശുപത്രിയിലെത്തിയത്. സന്ധ്യയായപ്പോൾ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞു മക്കളെ വാർഡിൽ നിർത്തി നസീറ പോയി. അവൾ പിന്നെ വന്നില്ല.

രാത്രി മെഡിക്കൽ കോളജ് പൊലീസ് ഏറെ പണിപ്പെട്ട് നസീറയുടെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും അവർക്കു കുട്ടികളെ സംരക്ഷിക്കാൻ നിവൃത്തി ഇല്ലായിരുന്നു. ഇതൊന്നും അറിയാതെ മിന്നുവും പൊന്നുവും പൊലീസ് നൽകിയ ഭക്ഷണം കഴിച്ച് ഉമ്മയെ അന്വേഷിച്ചു തളർന്നുറങ്ങി.

പിന്നീട് 2 കുട്ടികളുടെയും സംരക്ഷണം കിണാശ്ശേരി യത്തീംഖാന ഏറ്റെടുത്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജംഷീനയും ജംഷീറയും യത്തീംഖാനയാണു തങ്ങളുടെ വീട് എന്നു മനസാ ഉറപ്പിച്ചു. അങ്ങനെ അവർ അവിടെ പഠിച്ചു വളർന്നു .

നിക്കാഹ് ചടങ്ങിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ കാർമികത്വം നിർവഹിക്കും. ഇരിവേറ്റിയിലെ പാറമ്മൽ സ്വദേശി അബ്ദുൽ നാസറിന്റെ മകൻ സൽമാൻ ഫൈസൽ ആണു വരൻ. രാത്രി 9 വരെ സുഹൃദ്സൽക്കാരം ക്രമീകരിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *