Your Image Description Your Image Description

 

കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ സംസ്ഥാന ഖജാൻജിയും മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന നേതാവിന്റെ വ്യാപാര സംരംഭങ്ങൾക്ക് തുരങ്കം വെയ്ക്കുന്നത് പാർട്ടിയിലെ തന്നെ താക്കോൽ സ്ഥാനീയനായ ഒരു നേതാവാണന്ന വാർത്ത പുറത്തുവരുന്നു .

പല രാഷ്ട്രീയ പാർട്ടിയിലും സേവനം ചെയ്തു മാതൃപേടകത്തിൽ തിരിച്ചിറങ്ങിയയുടനെ ചില തൽപരകക്ഷികളുടെ പുറത്തു ചവിട്ടി നടുനായകത്വം ഏറ്റെടുത്ത താക്കോൽ സ്ഥാനിയൻ , ആദ്യം തന്നെ തനിക്ക് രാഷ്ട്രീയ ജീവിതം തിരിച്ചു തന്നവന്റെ മർമ്മത്ത് പിടിച്ചുടക്കാനാണ് ശ്രമിച്ചതെന്നാണ് കരക്കമ്പി.

ഇയാൾ പാർട്ടിയുടെ പേരിൽ പിരിച്ച കാശ് എല്ലാം കൂടി കൂട്ടിയാൽ പാർട്ടിക്ക് സ്വന്തമായി ഒരു റിസർവ് ബാങ്ക് തുടങ്ങാമെന്നാണ് വിരോധികൾ പറഞ്ഞുനടക്കുന്നത് . ഉള്ളതാണോ കളവാണോയെന്ന് ചെയർമാൻ അന്വഷിച്ചോട്ടെ .

ഇയാളുടെ ചില ഇംഗിതങ്ങൾക്കും സാമ്പത്തിക തിരിമറികൾക്കും കൂട്ടുനിൽക്കാതിരുന്ന ഈ സംസ്ഥാന നേതാവിനെ തകർക്കാൻ മൊസാദിനേക്കാൾ വലിയ പദ്ധതിയാണ് ഇയാൾ ആവിഷ്കരിച്ചത്. തന്റെ പാർശ്വവര്‍ത്തികളായ ചിലരെക്കൊണ്ട് ഈ സംസ്ഥാന നേതാവിന്റെ സ്വകാര്യബാങ്കിലെ നിക്ഷേപകരെ കൊണ്ട് പെട്ടന്ന് നിക്ഷേപം പിൻവലിപ്പിക്കാനുള്ള ശ്രമം നടത്തി .

നിക്ഷേപകരിൽ ഒരാളുടെ , ആദ്യം കാലാവധി പൂർത്തിയായ നിക്ഷേപം തിരിച്ച് ചോദിച്ചപ്പോൾ തന്നെ തിരിച്ചു നൽകി , എന്നാൽ കാലാവധി എത്താൻ ഇനിയും ബാക്കി നിൽക്കുന്ന ചില നിക്ഷേപങ്ങൾ കൂടി തിരിച്ചു തരണമെന്ന് ആവശ്യപ്പെടുകയും കാലാവധി പൂർത്തിയായിട്ടും തിരിച്ചു നൽകുന്നില്ലന്ന് വ്യാപക പ്രചരണം നൽകുകയും ചെയ്തു.

കാലാകാലങ്ങളിൽ സാമ്പത്തിക സംരംഭങ്ങളെ തകർക്കാൻ തൽപരകക്ഷികൾ കാണിക്കുന്ന അതേ രീതി തന്നെയാണ് ഇവിടെയും അരങ്ങേറിയത് . എത്ര വലിയ ബാങ്കാണെങ്കിലും ഒറ്റ ദിവസം തന്നെ നിക്ഷേപകർ കൂട്ടത്തോടെ വന്ന് നിക്ഷേപങ്ങൾ പിൻവലിച്ചാലുണ്ടാകുന്ന പ്രതിസന്ധി നമുക്കൂഹിക്കാവുന്നതേയുള്ളു .

ഐക്യ കേരളം രൂപപ്പെടുന്നതിനു മുൻപായി തിരുവിതാംകൂറിൽ സിപി മാത്തന്റെ ക്വയിലോൺ ബാങ്കും മാമൻ മാപ്പിളയുടെ നാഷണൽ ബാങ്കും ഉണ്ടായിരുന്നു. ദിവാൻ സിപി രാമസ്വാമി അയ്യര്‍ മുൻകൈയെടുത്തു തിരുവിതാംകൂറിലെ ഒന്നാം നമ്പർ ബാങ്ക് ആക്കാൻ വേണ്ടി നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് രൂപീകരിച്ചു.

താമസിക്കാതെ ദിവാനുമായി ഇടഞ്ഞ ബാങ്കിനെ പൂട്ടിക്കാൻ വേണ്ടി ഡൽഹി, ബോംബെ അടക്കമുള്ള എല്ലാ ബ്രാഞ്ചിന്റെയും മുൻപിൽ ഒറ്റ ദിവസം ബാങ്ക് പൊളിഞ്ഞു എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അതിന്റെ ഫലമായി നിക്ഷേപകർ കൂട്ടമായി ഓടിയെത്തി നിക്ഷേപം പിൻവലിക്കാൻ തുടങ്ങി . ബാങ്കിംഗ് മേഖലയിൽ ഇതിന് റണ്‍ എന്നാണ് പറയുന്നത്.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്കിന് റൺ ആരംഭിച്ചു എന്ന് ബോധ്യപ്പെടുത്താൻ 80കളിൽ അച്ചടി മാധ്യമങ്ങളെ ആശ്രയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നവമാധ്യമങ്ങളെയാണ് ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് . കഴുകൻ കണ്ണോടെ പണത്തിനുവേണ്ടി വ്രതം അനുഷ്ഠിക്കുന്ന ചിലരെ അതിന് കൂട്ട് കിട്ടുകയും ചെയ്യും.

അതിനുവേണ്ടി ചെയ്യുന്നത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണ്. അതായത് ചന്തയിൽ അടി ഉണ്ടാക്കാൻ വേണ്ടി എതിരാളിയെ മുഖത്തടിച്ച് നീ തന്തയ്ക്ക് വിളിക്കും അല്ലേ എന്ന് ചോദിച്ച് അങ്ങോട്ട് വഴക്കുണ്ടാക്കുന്ന അതേ രീതിയാണ് ഇവിടെയും ആവർത്തിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് നേരത്തേ പറഞ്ഞ സംഭവം ഉണ്ടായതും ചില സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും . നിജസ്ഥിതി അറിയാൻ നടത്തിയ അന്വഷണത്തിൽ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത് . മാസങ്ങൾക്കു മുൻപ് – താക്കോൽ സ്ഥാനീയനായ ഒരു നേതാവിന്റെ ചില പ്രവർത്തിദോഷത്തിൽ മനംനൊന്ത് ഈ വ്യവസായിയായ നേതാവ് പാർട്ടിയുടെ സ്ഥാനമാനങ്ങൾ രാജി വെച്ചു.

അതിനെ തുടർന്നാണ് താക്കോൽസ്ഥാനീയന്‍ തന്റെ പാർശ്വവർത്തികളെ കൊണ്ട് നിക്ഷേപകരെ കണ്ടുപിടിച്ചു കാലാവധി എത്തുന്നതിനു മുൻപ് നിക്ഷേപം തിരികെ ആവശ്യപ്പെട്ടതും പ്രശനങ്ങൾക്ക് അണിയറയിൽ ചുക്കാൻ പിടിച്ചതും .

സ്വകാര്യബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നത് തലയണയുടെ അടിയിൽ വയ്ക്കാനല്ല. മറിച്ച് ആവശ്യക്കാർക്ക് വായ്‌പ്പയും ലോണുമൊക്കെ കൊടുക്കാനും ബിസിനസ്സുകളിൽ മുടക്കാനുമൊക്കെയാണ്. ലഭിച്ച നിക്ഷേപത്തിന്റെ 90% വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും നിക്ഷേപകർ കൂട്ടമായി എത്തിയാൽ തിരികെ കൊടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ നിക്ഷേപകരെയും ഒരുമിച്ച് വിളിച്ചുകൂട്ടി കമ്പനിയുടെ നിക്ഷേപവും നീക്കിയിരിപ്പും കമ്പനി നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. മൂന്ന് നിര്‍ദ്ദേശങ്ങളാണ് മാനേജ്‌ജുമെൻറ് നൽകിയിരിക്കുന്നത്.

കമ്പനിയുമായി സഹകരിക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം എത്രയും പെട്ടെന്ന് നൽകാനുള്ള നടപടി സ്വീകരിക്കുക . രണ്ട് പരാതി കൊടുക്കുന്ന നിക്ഷേപകർക്ക് നിയമ സംവിധാനം പറയുന്ന മുറക്ക് നൽകുക . താക്കോൽ സ്ഥാനിയന്റെ പിൻബലത്തിലുള്ള നിക്ഷിപ്ത കക്ഷികളായ അഞ്ചാംപത്തികളെ പോലെ ഗുണ്ടായിസവുമായി വരുന്നവർക്ക് ഏറ്റവും ഒടുവിൽ നിക്ഷേപം തിരിച്ചു നൽകുക.

മാന്യത കാണിക്കുന്ന നിക്ഷേപകരെ മാന്യമായി കൈകാര്യം ചെയ്യണമെന്ന നിലപാടാണ് കമ്പനിക്കുള്ളത്. 42 വർഷമായി ഒരു അഭിപ്രായവ്യത്യാസം പോലുമില്ലാതെ നടത്തിക്കൊണ്ടുവന്ന നിക്ഷേപ കമ്പനി പൊളിക്കാൻ ഗൂഢനീക്കം നടത്തുന്നവര്‍ക്ക് അത് വെറും മോഹഭംഗമായി തീരുമെന്നാണ് തിരുവല്ലയിലെ ചില സുഹൃത്തുക്കൾ പറഞ്ഞത്.

42 വർഷമായി നല്ല രീതിയിൽ നടത്തിക്കൊണ്ട് വന്നിട്ടുള്ള സംരംഭത്തിന് നിക്ഷേപത്തിന്റെ പതിന്മടങ്ങ് ആസ്തിയായിട്ടുണ്ട്. ഇതിൽ അസൂയ പൂണ്ടവരാണ് കച്ച മുറുക്കി ഇറങ്ങിയത്. അതിനു കുടപിടിക്കാൻ ചില നവമാധ്യമങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇതു സഹപ്രവർത്തകരായ പാർട്ടിക്കാർക്കെല്ലാം നാണക്കേടും ഉണ്ടാക്കിയിട്ടുണ്ട്.

2014 ഒക്ടോബർ 31 തീയതി വൈകിട്ട് കോട്ടയത്ത് സ്കറിയാ തോമസിന്റെ വീട്ടിൽ അവരുടെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നടക്കുമ്പോഴാണ് ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തൽ വന്നത് . ആരോ സ്കറിയ തോമസിനെ ഫോണിൽ അറിയിച്ചതിനനുസരിച്ച് യോഗം നിർത്തിവെച്ച് ടിവി ഓണാക്കി വാർത്തയിൽ ശ്രദ്ധിച്ചു.

കഷ്ടമായിപ്പോയിയെന്ന് സ്കറിയ തോമസ് എന്ന കുഞ്ഞച്ചൻ പറഞ്ഞതിന് മറുപടിയായി കെ എം മാണിയുടെ തണലിൽ വളർന്ന് സീറ്റ് കിട്ടാത്തതിനാൽ കൂടുവിട്ട് കൂടു മാറിയ ഒരു പ്രമാണി പറഞ്ഞു, കുഞ്ഞച്ചാ എന്നാ ഇതുവരുന്നതെന്ന് ഞാൻ നോക്കിയിരിക്കുകയായിരുന്നു . ഇയാൾ ഇതല്ല ഇതിനപ്പുറവും നാറണം.

ഇയാളുടെ മകനുള്ള മരുന്ന് അരയ്ക്കുന്നതേയുള്ളൂവെന്ന് . ഈ പറഞ്ഞ നേതാവാണ് ആ മകന്റെ കൂടെയിന്ന് പാർട്ടിയുടെ അമരത്തുള്ള പ്രധാനി. പിന്നെങ്ങനെ മാണി ഗ്രൂപ്പ് നന്നാവും . ജോസേ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

ഒരു പ്രസ്ഥാനം പാര വച്ച് നശിപ്പിക്കാൻ വളരെ എളുപ്പമാണ്. പല ദശാബ്ദങ്ങൾ അതിന് വെള്ളവും വളവും നൽകി വളർത്തിയവന്റെ മാനസികാവസ്ഥ കൂടി അത് നശിപ്പിക്കാൻ ഇറങ്ങുന്നവർ ആലോചിക്കുന്നത് നല്ലതാണ്.ഇന്ന് ഞാൻ നാളെ നീ , മറക്കണ്ടാ .

Leave a Reply

Your email address will not be published. Required fields are marked *