Your Image Description Your Image Description

റാഞ്ചി: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ഉറപ്പിക്കാന്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ടീം ഇന്ത്യ നാളെ മുതല്‍ ഇറങ്ങുകയാണ്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. നാലാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കാത്ത സാഹചര്യത്തില്‍ ആരാവും പകരക്കാരനായി എത്തുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റാഞ്ചി ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ നോക്കാം.

തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളുമായി കുതിക്കുന്ന യുവതാരം യശസ്വി ജയ്സ്വാളും രാജ്കോട്ട് വേദിയായ മൂന്നാം ടെസ്റ്റിലെ സെഞ്ചുറിക്കാരനും ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയും തന്നെയായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ശുഭ്‌മാന്‍ ഗില്‍ തുടരുമ്പോള്‍ വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കളിക്കാത്ത സാഹചര്യത്തില്‍ രജത് പാടിദാറിന് ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത. രാജ്കോട്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ ഉറപ്പായും ബാറ്റേന്തും. കെ എസ് ഭരതിനെ മറികടന്ന് അരങ്ങേറ്റത്തില്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ചു നിന്ന ധ്രുവ് ജൂരെല്‍ തന്നെയാവും റാഞ്ചിയില്‍ വിക്കറ്റ് കീപ്പറാവുക.

ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവ് തന്നെയാവും മൂന്നാം സ്പിന്നറായി കളിക്കുക. രാജ്കോട്ടില്‍ നൈറ്റ് വാച്ച്‌മാനായി ഇറങ്ങി ബാറ്റിംഗിലും കുല്‍ദീപ് ഒരുകൈ നോക്കിയിരുന്നു. ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യത്തില്‍ പേസ് നിരയെ നയിക്കേണ്ട ചുമതല മുഹമ്മദ് സിറാജ് ഏറ്റെടുക്കും. രണ്ടാം പേസറായി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് വേണോ വേഗക്കുറവിന്‍റെ ചരിത്രമുള്ള റാഞ്ചി പിച്ചില്‍ അക്സര്‍ പട്ടേലിനെ നാലാം സ്പിന്നറായി കളിപ്പിക്കണോ എന്ന ചോദ്യവും സെലക്ഷനില്‍ ഉയരും. രണ്ട് പേസര്‍മാരാണ് പ്ലേയിംഗ് ഇലവനില്‍ എത്തുകയെങ്കില്‍ വിശാഖപട്ടണം ടെസ്റ്റില്‍ മങ്ങിയ മുകേഷ് കുമാറിന് പകരം ആകാശ് ദീപിന് തന്നെയാണ് സാധ്യത.

റാഞ്ചി ടെസ്റ്റില്‍ ആകാശ് ദീപ് കളിച്ചാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സര്‍ഫറാസ് ഖാന്‍, രജത് പാടിദാര്‍, ധ്രുവ് ജൂരെല്‍ എന്നിവര്‍ ഈ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *