Your Image Description Your Image Description
Your Image Alt Text

ന്യൂയോർക്ക്: പൊലീസിൽ ജോലി കിട്ടിയ ശേഷം ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്തെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം കാണാതായ ഓഫീസറെ പിറ്റേ ദിവസം മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് ജോൺ ലെനോർഡ് എന്ന 35 വയസുകാരന്റെ മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഇയാൾ അറസ്റ്റ് ചെയ്ത യുവതിയുടെ മൃതദേഹവും പൊലീസ് വാഹനവും ഇതേ നദിയിൽ നിന്നു തന്നെ കണ്ടെടുത്തു.

അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. അടുത്തിടെയാണ് റോബർട്ട് ജോൺ പൊലീസിൽ ഡെപ്യൂട്ടി ഓഫീസറായി നിയമിതനായത്. ഇക്കഴിഞ്ഞ വാലന്റൈൻസ് ഡേയിൽ രാത്രി 10 മണിയോടെ ഒരു സ്ത്രീയും പുരുഷനും റോഡിൽ നിന്ന് തല്ലുകൂടുന്നു എന്ന് ആരോ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോബർട്ട് അവിടെ എത്തിയത്. സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

യുവതിയെ അറസ്റ്റ് ചെയ്ത ശേഷം താൻ ആദ്യമായി ഒരാളെ അറസ്റ്റ് ചെയ്തെന്നുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് ഭാര്യയ്ക്ക് റോബർട്ട് ജോൺ മെസേജ് ചെയ്തു. എന്നാൽ ഭാര്യ തിരിച്ച് അയച്ച മേസെജ് അദ്ദേഹം വായിച്ചില്ല. റോബർട്ടിനെക്കുറിച്ചും അറസ്റ്റിലായ യുവതിയെക്കുറിച്ചും ഇവർ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനത്തെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇയാളുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ പൊലീസ് രാത്രി തന്നെ പരിശോധന തുടങ്ങി.

ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിച്ച് പിന്നീട് കാർ എവിടെയെന്ന് കണ്ടെത്തി. ടെന്നസി നദിയുടെ അടിത്തട്ടിലാണ് വാഹനത്തിന്റെ ലൊക്കേഷൻ കിട്ടിയത്. പരിശോധന നടത്തി കാർ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്തു. അറസ്റ്റിലായ യുവതിയുടെ മൃതദേഹം വാഹനത്തിനുള്ളിലുണ്ടായിരുന്നു. മുൻ വശത്തെ ഡ്രൈവ‍ർ ഡൈഡിലെ ഗ്ലാസ് താഴ്ത്തിയ നിലയിലായിരുന്നു കാർ. തെരച്ചിലിൽ നദിയുടെ അടിത്തട്ടിൽ നിന്ന് പൊലീസുകാരന്റെ മൃതദേഹവും കണ്ടെത്തി.
കാ‍ർ എങ്ങനെ നദിയിലേക്ക് പതിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിചിതമല്ലാത്ത റോഡിലൂടെ വാഹനം ഓടിക്കുന്നതിനിടെ പൊലീസുകാരൻ ഫോണിൽ മെസേജ് ചെയ്യുകയും വയർലെസ് സെറ്റിലൂടെ സംസാരിക്കുകയും ചെയ്തിട്ടുണ്ടാവാമെന്നും അത് കാരണം നിയന്ത്രണം നഷ്ടമായി നദിയിൽ പതിച്ചതാവാമെന്നുമാണ് നിഗമനം. ദീർഘകാലം നിർമാണ തൊഴിലാളിയായിരുന്ന റോബർട്ട് തന്റെ അടങ്ങാത്ത ആഗ്രഹം സാക്ഷാത്കരിച്ചാണ് പൊലീസിൽ ജോലി നേടിയത്. ഡിസംബറിലാണ് അദ്ദേഹം സ‍ർവീസിൽ പ്രവേശിക്കുന്നത്. അഞ്ച് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം അടുത്തിടെയാണ് ടെന്നസിയിലേക്ക് അദ്ദേഹം താമസം മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *