Your Image Description Your Image Description
Your Image Alt Text

പരമ്പരാഗതമായി നമ്മുടെയെല്ലാം വീടുകളില്‍ പിന്തുടര്‍ന്നുവന്നിട്ടുള്ള പാചകരീതി വിറകടുപ്പിലേതാണ്. ഇന്ന് പക്ഷേ പാചകരീതികളില്‍ ആകെ മാറ്റം വന്നു. ഗ്യാസ്, ഇലക്ട്രിക് അടുപ്പ്, ഓവൻ, എയര്‍ ഫ്രയര്‍ എന്നിങ്ങനെയുള്ള ഉപാധികളെയാണ് അധികപേരും ആശ്രയിക്കുന്നത്.

ഗ്യാസിന്‍റെ വരവോടെയാണ് നമ്മുടെ നാട്ടില്‍ വിറകടുപ്പ് ഉപയോഗം കുറഞ്ഞത്. എങ്കിലും ഇന്നും നിര്‍ബന്ധബുദ്ധിയോടെ വിറകടുപ്പ് തന്നെ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. വിറകടുപ്പില്‍ വച്ച് തയ്യാറാക്കിയതാണെങ്കില്‍ ‘വിശേഷം’ എന്ന സങ്കല്‍പമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വിറകടുപ്പിലെ പാചകം അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

മാണ്ഡി ഐഐടിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. വിറകടുപ്പിലെ പാചകം എല്ലാ സന്ദര്‍ഭങ്ങളിലും അപകടമല്ല. വീടിനകത്ത് വിറകടുപ്പില്‍ പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് വെല്ലുവിളിയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

വീടിനകത്ത് വിറകടുപ്പില്‍ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക പതിവായി ശ്വസിച്ചാല്‍ അത് ‘ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്’ (സിഒപിഡി) എന്ന രോഗം അടക്കമുള്ള ശ്വാസകോശ രോഗങ്ങളിലേക്കോ അണുബാധകളിലേക്കോ നമ്മെ നയിക്കാമെന്നാണ് പഠനം വിശദമാക്കുന്നത്.
ഇതുതന്നെ പുറത്ത് തുറന്ന രീതിയിലാണെങ്കില്‍ വിറകടുപ്പ് വലിയൊരു പ്രശ്നമാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതല്ലെങ്കില്‍ പുക തീരെ വരാത്ത തരത്തിലുള്ള അടുപ്പായാലും പ്രശ്നമില്ല. പക്ഷേ ഇന്ത്യയില്‍ പലയിടങ്ങളിലും ഇന്നും വീടിനകത്തുള്ള അടുക്കളയില്‍ വിറകടുപ്പിലെ പാചകം സജീവമായി തുടരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ പഠനത്തിനുള്ള പ്രാധാന്യം നമുക്ക് ഊഹിക്കാമല്ലോ.

ശ്വാസകോശാര്‍ബുദത്തിന് (ക്യാൻസര്‍) വരെ ഇത് സാധ്യത തുറക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അധികവും സ്ത്രീകളെയും കുട്ടികളെയുമാണ് ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിറക് കത്തുമ്പോള്‍ പുറത്തുവരുന്ന വാതകങ്ങള്‍ ആണ് ഇവിടെ പ്രശ്നമാകുന്നത്. ഇവ ശ്വാസകോശത്തിന് മാത്രമല്ല ഹൃദയത്തിനും ഭീഷണിയായി വരാമെന്നും പഠനം പറയുന്നു.

രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ 50 ശതമാനം പേരും വിറകടുപ്പിനെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്. ഈ കമ്മ്യൂണിറ്റികളെയെല്ലാം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഓര്‍മ്മപ്പെടുത്തലാണ് പഠനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *