Your Image Description Your Image Description
Your Image Alt Text

ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ അടൂർ പ്രകാശിനെ വീഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ ഇറങ്ങും . കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജോയിയുടെ പേരാണ് ഉയർന്നുവന്നത്.

വർക്കല നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിനെ മുട്ടുകുത്തിച്ച ജോയി ആറ്റിങ്ങൽ തിരികെപ്പിടിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിയും ഇടതുമുന്നണിയും . സ്വന്തം മണ്ഡലമായ വർക്കലയിലും അദ്ദേഹത്തിന്റെ സ്വദേശമായ പെരുങ്ങുഴി ഉൾപ്പെട്ട ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലും നിർണായക സ്വാധീനമുണ്ട് ജോയിയ്ക്ക് .

സ്വദേശം ഉൾപ്പെട്ട അഴൂർ പഞ്ചായത്തിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റായിരുന്നു. കിഴുവിലം ഡിവിഷനിൽ നിന്ന് ജില്ലാപഞ്ചയത്തിലും അംഗമായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും സി.പി.എമ്മിനൊപ്പമാണ്.

കഴിഞ്ഞ തവണ അടൂർ പ്രകാശ് വിജയിക്കുമ്പോഴും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം നാല് ശതമാനം മാത്രമായിരുന്നു. മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ സി.പി.എമ്മിലേക്കുള്ള വരവും നെടുമങ്ങാട് പെരിങ്ങമ്മലയിൽ ഉൾപ്പെടെ കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങളും സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രന്റെയും വി.കെ.പ്രശാന്തിന്റെയും പേരുകൾ ചർച്ചകളിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ ആ പേരുകളൊന്നും പരിഗണിക്കപ്പെട്ടില്ല.

ഒന്നരപ്പതിറ്റാണ്ടോളം തുടർച്ചയായി കോൺഗ്രസ് കൈയടക്കിവെച്ചിരുന്ന വർക്കല നിയമസഭാമണ്ഡലം കഴിഞ്ഞതവണ തിരികെപ്പിടിച്ചുകൊണ്ടാണ് ജോയി ചരിത്രം കുറിച്ചത്. തുടർച്ചയായി മൂന്നുതവണ എം.എൽ.എ.യായിരുന്ന വർക്കല കഹാറിനെയായിരുന്നു ജോയി പരാജയപ്പെടുത്തിയത്.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭാ സീറ്റുകളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ആണ് ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.സമ്പത്തായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി.

കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് സമ്പത്തിനെ പരാജയപ്പെടുത്തി ഇടതിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണയും അടൂർ പ്രകാശ് തന്നെയാവും കോൺഗ്രസ് സ്ഥാനാർഥി. കേന്ദ്രമന്ത്രി വി.മുരളീധരൻ ബി.ജെ.പി. സ്ഥാനാർഥിയാകും .

Leave a Reply

Your email address will not be published. Required fields are marked *