Your Image Description Your Image Description

ബോണ്ടിനെതിരെ ബോംബ് പ്രയോഗിച്ച കേരള കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ കാവിക്കാർ ഇനിയും വേണ്ടപോലെ മനസിലാക്കിയിട്ടില്ലന്നുവേണം കരുതാൻ . ആയിരം സംഘികൾ ചേർന്നാലും ഒരു സഖാവിനോളം വരില്ല.

ബൂർഷ്വാമുതലാളിമാരുടെ ബോണ്ടും ബോണ്ടയുമൊന്നും സഖാക്കൾക്കു വേണ്ട. അത്രയ്ക്കു വെറുത്തുപോയതുകൊണ്ടാണ്. ബക്കറ്റ് പിരിവ്, പെൻഷൻ സമാഹരണം തുടങ്ങിയ ലളിതവും ക്രിയാത്മകവുമായ പദ്ധതികളിലൂടെയാണ് പാർട്ടി വളരുന്നത്.

പെൻഷൻ അധിഷ്ഠിത സ്വാശ്രയസംരംഭങ്ങളിലൂടെ പാവങ്ങളുടെയും അതുവഴി സംസ്ഥാനത്തിന്റെയും വികസനത്തിനു കഴിയുമെന്നിരിക്കെ ഫാസിസ്റ്റ് ആശയമായ ബോണ്ടിന്റെ ആവശ്യമില്ല. ചാണകത്തിൽ കിടക്കുന്നവരോട് ചന്ദന സുഗന്ധത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ലെന്ന് ചൈനീസ് തത്വചിന്തകൻമാർ പറഞ്ഞിട്ടുണ്ട്.

ഏതാനും വർഷങ്ങൾ കൊണ്ട് പരിവാറുകാർ 6566 കോടിരൂപയും കോൺഗ്രസുകാർ 1123 കോടി രൂപയും ബോണ്ടിലൂടെ നേടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. പ്രതിപക്ഷത്തെ പ്രധാനിയായ രാഹുൽജിയുടെ വില ഇത്രയും ഇടിഞ്ഞുപോയതിൽ കോൺഗ്രസുകാർക്ക് വിഷമമുണ്ട്. ഒട്ടിയ വയറുമായി സംഘികൾ ഇവിടുത്തെ അടുക്കളപ്പുറത്തേക്കു നോക്കിനിന്ന ഒരു കാലമുണ്ടായിരുന്നു.

വിഭവങ്ങൾക്ക് ഇവിടെ ഇന്നും കുറവൊന്നുമില്ലെങ്കിലും അപ്പുറത്തെ അടുക്കളയിൽ നിന്ന് വറപൊരി ശബ്ദം കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു നീറ്റലുണ്ടായിരുന്നു. സുപ്രീംകോടതി വിധിയോടെ അതങ്ങു മാറിക്കിട്ടി. കൈയിലുള്ള കോടികൾ തീരുമ്പോൾ സംഘികളുടെ കാര്യത്തിൽ തീരുമാനമാവും.കർഷകസമരം കൂടിയൊന്ന് ഉഷാറായാൽ എല്ലാം ശര്യാവും.

ശുക്രദശ പടിക്കൽ എത്തിയെന്ന് ജ്യോത്സ്യൻമാർ ഉറപ്പുനൽകിയിട്ടുണ്ട്. കാശുകൊടുത്ത് കോൺഗ്രസ് നേതാക്കളെ വാങ്ങുന്ന സംഘികളുടെ ഏർപ്പാട് ഇനി നടപ്പില്ല. ആദർശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കാശ് കടന്നുവന്നതാണ് കോൺഗ്രസ് ക്ഷീണിക്കാൻ കാരണമെന്ന് ആർക്കാണ് അറിയാത്തത്.

കാശിനോ പ്രലോഭനങ്ങൾക്കോ വഴങ്ങുന്ന പാർട്ടിയല്ല ഗാന്ധിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസ്. പണ്ട് തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന് ഒരു വണ്ടിപോലും സ്വന്തമായില്ലാതിരുന്ന പാർട്ടിയുടെ അവസ്ഥയിൽ സങ്കടം സഹിക്ക വയ്യാതെ , ചില വാഹന നിർമ്മാതാക്കൾ നൂറുകണക്കിന് പുതുപുത്തൻ വാഹനങ്ങൾ നൽകിയിട്ടുണ്ട്.

ഓടിപ്പരുവമായ ഈ വാഹനങ്ങളാണ്,​ ​ ബുക്ക് ചെയ്ത് കാത്തിരുന്നവർക്ക് പിന്നീട് നൽകിയതെന്നും മറ്റും എതിരാളികൾ പ്രചരിപ്പിച്ചിരുന്നെങ്കിലും ജനങ്ങൾ അതൊന്നും വിശ്വസിച്ചിട്ടില്ലെന്ന് കോൺഗ്രസുകാർക്ക് ഉറപ്പുണ്ട്.

ഒരു ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സ്ഥാനാർത്ഥികൾക്കും കാർ കമ്പനി കാറുകൾ കൊടുത്തിരുന്നു , ഡൽഹി രജിസ്‌ട്രേഷൻ അംബാസിഡർ കാർ തലങ്ങുവിലങ്ങും മണ്ഡലത്തിലൂടെ ചീറിപ്പാഞ്ഞത് ചരിത്രം . ആ കാലമൊക്കെ ഇനിയും തിരിച്ചുവരും , വരണം .

Leave a Reply

Your email address will not be published. Required fields are marked *