Your Image Description Your Image Description

ലഖ്‌നൗ: വയനാട്ടില്‍ മത്സരിക്കാതെ ഒരിക്കല്‍ കൂടി അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ‘അഖിലേഷ് യാദവും മായാവതിയും ഇല്ലാതെ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്ന തന്റെ വെല്ലുവിളി ഏറ്റെടുത്തതില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോട് നന്ദി പറയുന്നു. ഒരു സാധാരണ ബിജെപി പ്രവര്‍ത്തക എന്ന നിലയില്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നു. ബിജെപിയുടെ അമേഠിയിലെ പ്രവര്‍ത്തകര്‍ അടക്കം ഞങ്ങളെല്ലാവരും ഇന്ന് തന്നെ രാഹുല്‍ ഗാന്ധി അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിൻ്റെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി വഴി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ്. ജയറാം രമേശ് രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് പോകാതെ അമേഠിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു’ എന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വോട്ടര്‍മാര്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അമേഠിയില്‍ വെച്ച് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തിങ്കളാഴ്ച പറഞ്ഞിരുന്നു. അമേഠിയില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായി കണക്കാക്കിയിരുന്ന അമേഠിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. അമേഠിക്കൊപ്പം മത്സരിച്ച വയനാട്ടില്‍ നിന്നും വിജയിച്ചായിരുന്നു രാഹുല്‍ ഗാന്ധി 2019ല്‍ ലോക്‌സഭയില്‍ എത്തിയത്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അമേഠിയെ പ്രതിനിധീകരിച്ച രാഹുലിന്റെ 2019ലെ പരാജയം കോണ്‍ഗ്രസിന് അപ്രതീക്ഷിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *