Your Image Description Your Image Description

ഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് എന്നാണ് സൂചന.

ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത് എന്നും വിവരമുണ്ട്. 130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന അമൃത് ഭാരത് എക്‌സ്പ്രസ് പുഷ്- പുള്‍ ട്രെയിനുകളാണ്. നേരത്തെ, വന്ദേ സാധാരണ്‍ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്.

പുഷ്- പുള്‍ ട്രെയിനുകളായതിനാല്‍ കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കുലുക്കവും അനുഭവപ്പെടില്ല. ഓറഞ്ച്, ചാര നിറങ്ങളിലാണ്‌ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക. 22 കോച്ചുകളില്‍ എട്ടെണ്ണം റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കുള്ള ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ്.

12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും രണ്ട് ഗാര്‍ഡ് കംപാര്‍ട്ട്‌മെന്റുകളുമുണ്ടാവും. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കോച്ചുകളുണ്ടാവും. കുഷ്യനുകളുള്ള സീറ്റും ലഗേജ് റാക്ക്, മടക്കാന്‍ കഴിയുന്ന സ്‌നാക് ടേബിള്‍, മൊബൈല്‍ ചാര്‍ജര്‍ ഹോള്‍ഡര്‍, ബോട്ടില്‍ ഹോള്‍ഡര്‍, റേഡിയം ഇല്യൂമിനേഷന്‍ ഫ്‌ളോറിങ് സ്ട്രിപ്, മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ അമൃത് ഭാരത് എക്‌സ്പ്രസുകളുടെ പ്രത്യേകതയാണെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *