Your Image Description Your Image Description

ഛണ്ഡീഗഢ്: ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനായി സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്. പല വരികളിലായി കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായത്.

സ്ഥിതി വിലയിരുത്താനായി ഡ്രോണ്‍ ഉപയോഗിച്ചാണ് ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലാ പോലീസ് നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ വീഡിയോ പോലീസ് എക്‌സിലൂടെ പങ്കുവെച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ അനക്കമില്ലാതെ റോഡില്‍ കിടക്കുന്നത് പോലീസ് പങ്കുവെച്ച വീഡിയോയില്‍ കാണാം.

രൂക്ഷമായ ഗതാഗതക്കുരുക്ക് മറ്റുചില പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ കിടന്ന് മടുത്ത ഒരാള്‍ തന്റെ ഥാര്‍ ചന്ദ്ര (ചെനാബ്) നദിയിലൂടെയാണ് ഓടിച്ച് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ക്ക് പോലീസ് പിഴ ചുമത്തി. ഇനിയും ആളുകള്‍ വാഹനങ്ങളുമായി പുഴ കടക്കാനെത്തുന്നത് തടയാനായി പോലീസുകാരെ കാവല്‍ നിര്‍ത്തിയിട്ടുമുണ്ട്.

കനത്ത ഗതാഗതക്കുരുക്ക് കൊണ്ട് തന്നെ ശ്വാസം മുട്ടുന്ന റോഡില്‍ അഭ്യാസപ്രകടനങ്ങളുമായി ചിലര്‍ എത്തിയതും പോലീസിന് തലവേദനയായിട്ടുണ്ട്. രണ്ട് ഡോറുകള്‍ തുറന്നുവെച്ച് അപകടകരമായി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പുറത്തുവന്ന ഉടന്‍ കുളു പോലീസ് കാര്‍ ഡ്രൈവര്‍ക്ക് 3500 രൂപ പിഴ ഈടാക്കി.

Leave a Reply

Your email address will not be published. Required fields are marked *