Your Image Description Your Image Description

ചെറുകുന്ന് : ചെറുകുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. കൃഷിഭൂമിയിലാകെ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായിരിക്കുകയാണ്. ഇതോടെ ആശങ്കയിലാണ് കർഷകരും.

ചെറുകുന്ന് പഞ്ചായത്തിലെ താവം, മുട്ടിൽ, കട്ടക്കുളം, പള്ളിക്കര പ്രദേശങ്ങളിലാണ് വ്യാപകമായി ഉപ്പുവെള്ളം കയറുന്നത്. കൃഷിഭൂമിയിൽ ഉപ്പ് വെള്ളം കയറിയാൽ ആ പ്രദേശങ്ങളിൽ കൃഷിചെയ്യാൻ സാധിക്കില്ല. കിണറുകളിലും മറ്റും ഉപ്പിന്റെ അംശം വർധിക്കുന്നതും ഇത് കാരണമാകുന്നു. താവം വടക്ക് പാടശേഖരത്തിൽ ഇത്തവണ വ്യാപകമായി ഉപ്പുവെള്ളം കയറിയ അവസ്ഥയാണ്. ഉപ്പുവെള്ളം കയറുന്ന വയലുകളിൽ ഉപ്പൂറ്റി ഇനത്തിൽപ്പെട്ട കണ്ടലുകൾ വളരുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രദേശം പൂർണമായും തരിശിടുന്ന അവസ്ഥയിലേക്ക് എത്തും. ഉപ്പുവെള്ളം കയറുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുഴയോട് ചേർന്നുള്ള താത്‌കാലിക ബണ്ട്‌ യഥാസമയം മണ്ണിട്ട് മൂടാത്തതും ഉപ്പുവെള്ളം കയറാൻ കാരണമാകുന്നുണ്ട്. നെൽക്കൃഷിയും തെങ്ങുകൃഷിയും നാശത്തിലാണ്.

കാർഷികമേഖലയ്ക്ക് സർക്കാർ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴും ഉപ്പുവെള്ളം കയറുന്നത് തടയാൻ ഫലപ്രദമായ പദ്ധതികളൊന്നും അധികൃതർ നടപ്പാക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

ഇതുതടയാൻ നടപടിയെടുക്കണമെന്നും ഉപ്പുവെള്ളം കയറി കൃഷി നശിച്ചവർക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്നും കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *