Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ : നവകേരളസദസ്സിൽ മുഖ്യമന്ത്രിക്കു മുന്നിൽ യാത്രക്കാർ സമർപ്പിച്ച പരാതികൾ പരമാവധി പരിഹരിച്ച് കെ.എസ്.ആർ.ടി.സി. ആലപ്പുഴ യൂണിറ്റ്. നിലച്ചുപോയ സർവീസുകൾ പുനരാരംഭിച്ചും പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങിയുമാണ് അടിയന്തര നടപടി സ്വീകരിച്ചത്.

കുട്ടനാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു കുന്നുമ്മ-തട്ടാശ്ശേരി റൂട്ടിൽ സർവീസ് പുനരാരംഭിക്കണമെന്നുള്ളത്. നവകേരളസദസ്സിൽ ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു. കോവിഡിനു മുൻപ്‌ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് നിർത്തി. നവകേരളസദസ്സിൽ പരാതി ഉയർന്നതിനെത്തുടർന്ന് സർവീസ് പുനരാരംഭിച്ചു. ചതുർഥ്യാകരി, ചുങ്കം, പള്ളാത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ സർവീസ് ആരംഭിക്കുകയും ചെയ്തു.മുഹമ്മ റൂട്ടിൽ രാത്രിയിൽ ബസ്സില്ലെന്ന പരാതി നാളുകളായി ഉള്ളതാണ്. നവകേരളസദസ്സിലും ഇതുസംബന്ധിച്ച പരാതിയുയർന്നു. തുടർന്ന് രാത്രി 8.30-നും ഒൻപതിനും ആലപ്പുഴയിൽനിന്ന്‌ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചു. രാത്രി 8.30-നുള്ള സർവീസ് വൈക്കം വരെയുണ്ട്. ഒൻപതുമണിക്കുള്ള സർവീസ് മുഹമ്മ വരെയും.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കു പോകുന്നവരും ജോലിചെയ്യുന്നവരും ആലപ്പുഴക്കാർ ഏറെയുണ്ട്. ഇവരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിൽനിന്ന് വൈകുന്നേരം ഒരു ബസ് വേണമെന്നുള്ളത്.

വൈകീട്ട് 3.30-ന് മെഡിക്കൽ കോളേജ് പരിസരത്തെ സ്റ്റാൻഡിൽനിന്ന് ആലപ്പുഴയിലേക്കു ബസ് പുറപ്പെടും. എ.സി.റോഡ് വഴി കൂടുതൽ ഓർഡിനറി സർവീസ് വേണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിനും പരിഹാരം കാണാൻ സാധിച്ചതായി കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. ആലപ്പുഴയിൽനിന്ന് കണിച്ചുകുളങ്ങരയിലേക്ക് രാവിലെ ഒരു ബസ് സർവീസ് മാത്രമാണുണ്ടായിരുന്നത്‌. പരാതിയെത്തുടർന്ന് വൈകീട്ട് 4.50-ന് ഒരു ബസ് കൂടി ഓടിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *