Your Image Description Your Image Description
Your Image Alt Text

സി.പി.എം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ നടക്കും , ശൈലജ ടീച്ചറും തോമസ് ഐസക്കും വിജയരാഘവനും എളമരവും മത്സരിക്കും , ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതോടെ എത്രയും വേഗം സ്ഥാനാര്‍ഥികളെ തീരുമാനിച്ച് പ്രഖ്യാപനം നടത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി .

ഈ മാസം അവസാനത്തോടെ മുഴുവൻ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിക്കും . ജില്ലകളില്‍നിന്ന് സ്ഥാനാര്‍ഥിപ്പട്ടിക ലഭിച്ചുകൊണ്ടിരിക്കുന്നു . എല്ലാം കിട്ടിയതിന് ശേഷമായിരിക്കും സംസ്ഥാന നേതൃത്വം വിശദമായ ചര്‍ച്ചകളിലേക്കു കടക്കുന്നത് .

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചില പേരുകള്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചുള്ള പട്ടികയായിരിക്കും ജില്ലകളില്‍നിന്ന് എത്തുകയെന്നും ഏറെക്കുറെ ഉറപ്പായി.

പാര്‍ട്ടി മത്സരിക്കുന്ന 15 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആലോചന തുടങ്ങാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ സാധ്യതാ പട്ടിക നല്‍കണം. ഇതിന്റെയടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും ചേരും.

കണ്ണൂരില്‍ കെ.കെ. െശെലജയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം പാര്‍ട്ടിയില്‍ സജീവമാണ് . എന്നാല്‍, എം.എല്‍.എമാരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാനനേതൃത്വം അന്തിമതീരുമാനം എടുത്തിട്ടില്ല . കെ.കെ. െശെലജ നിയമസഭയില്‍ എത്തിയത് സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായ കൂത്തുപറമ്പില്‍നിന്നായതുകൊണ്ടുതന്നെ അവര്‍ മത്സരിക്കുന്നതുകൊണ്ട് വലിയ കോട്ടം ഉണ്ടാകില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ആലത്തൂരില്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ എ.കെ. ബാലന്‍ ആലത്തൂരില്‍ സ്ഥാനാര്‍ഥിയായേക്കും .

പത്തനംതിട്ടയില്‍ ഡോ: ടി.എം. തോമസ് ഐസക്കിനെയും കോഴിക്കോട്ട് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീമും മത്സരിക്കും . പാലക്കാട്ട് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവന്‍ മത്സരിച്ചേക്കും.

ആലപ്പുഴയില്‍ സിറ്റിങ് എം.പി: എ.എം. ആരിഫ് തന്നെ മത്സരിക്കും. അവിടെ മറ്റ് ആലോചനകള്‍ വേണ്ടെന്നു നേരത്തേ പാര്‍ട്ടി നേതൃത്വം ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിരുന്നു. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന് ആഗ്രഹമുണ്ട്. എന്നാല്‍, മത്സരിക്കാനില്ലെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചു . ജില്ലാ സെക്രട്ടറിയും വര്‍ക്കല എം.എല്‍.എയുമായ വി. ജോയിയുടെ പേരും വി കെ പ്രശാന്തിന്റെ പേരും ഉയരുന്നുണ്ട്.

രണ്ടു ദിവസത്തിനുള്ളില്‍ ജില്ലകളില്‍നിന്നുള്ള സ്ഥാനാര്‍ഥിപ്പട്ടിക ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു അന്തിമ തീരുമാനമെടുത്ത് പ്രഖ്യാപിക്കും .

Leave a Reply

Your email address will not be published. Required fields are marked *