Your Image Description Your Image Description
Your Image Alt Text

മുംബൈ : ഐപിഎൽ താരലേലത്തിനു മുന്നോടിയായാണ് ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുംബൈ ഇന്ത്യൻസിൽ ചേർന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഹാർദിക് പാണ്ഡ്യയുടെ ട്രാൻസ്ഫർ റെക്കോർഡ് തുകയ്ക്കായിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു. അതിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഹാർദിക് പാണ്ഡ്യയെ വിറ്റതിലൂടെ ഗുജറാത്ത് ടൈറ്റൻസ് ഉടമകളായ സിവിസി ക്യാപിറ്റൽസിന് ഓക്ഷൻ പഴ്സിൽ 15 കോടി രൂപ മാത്രമല്ല ലഭിച്ചത്.

ട്രാൻസ്ഫർ ഇനത്തിൽ ഗുജറാത്തിന് ഏകദേശം നൂറു കോടിയോളം രൂപ ലഭിക്കുമെന്നാണു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. 2021 ൽ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തപ്പോൾ 15 കോടി ചെലവാക്കിയാണു ഗുജറാത്ത് ടൈറ്റൻസ് താരത്തെ വാങ്ങിയത്. രണ്ടു സീസണുകളിൽ ഗുജറാത്തിനെ നയിച്ച പാണ്ഡ്യ 2022 ൽ ടീമിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണിലും ഗുജറാത്ത് ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റു.

ടൈറ്റൻസിനൊപ്പം 31 ഐപിഎൽ മത്സരങ്ങൾ കളിച്ച പാണ്ഡ്യ 833 റൺസും 11 വിക്കറ്റുകളുമാണു നേടിയത്. മുംബൈയിലേക്കുള്ള തിരിച്ചുവരവിൽ ഹാർദിക് പാണ്ഡ്യയ്ക്കു ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചു. ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ നീക്കിയാണ് മുംബൈ ഹാർദിക്കിനു ക്യാപ്റ്റന്‍സി സമ്മാനിച്ചത്. ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നെന്ന വിവരവും പിന്നീടു പുറത്തുവന്നു. രോഹിത് ശർമ 2024 ഐപിഎല്ലിൽ പാണ്ഡ്യയ്ക്കു കീഴിൽ മുംബൈ ഇന്ത്യൻസിൽ തന്നെ കളിക്കാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *