Your Image Description Your Image Description
Your Image Alt Text

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐടി മിഷന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതുജന പരാതി പരിഹാര സംവിധാനത്തിന് തുടക്കം. “കൂടെയുണ്ട് കളക്ടര്‍” എന്ന പേരില്‍ നടപ്പാക്കുന്ന പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ക്ക് കൃത്യമായ ഫോളോ അപ്പ് സംവിധാനമൊരുക്കുകയാണ് പദ്ധതി. പരാതികളുടെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ജനങ്ങള്‍ക്ക് അറിയാനാകും. കളക്ടറേറ്റിലോ മറ്റ് ഓഫീസുകളിലോ കയറിയിറങ്ങാതെ പരാതികളുടെ സ്ഥിതി അറിയാം. പരാതികള്‍ക്ക് കൃത്യമായ തീര്‍പ്പുണ്ടാക്കുകയും അത് യഥാസമയം പരാതിക്കാരനെ അറിയിക്കുകയുമാണ് കൂടെയുണ്ട് കളക്ടര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ കളക്ടര്‍ മുമ്പാകെ നല്‍കുന്ന പരാതികള്‍ സ്‌കാന്‍ ചെയ്ത് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. അപ്‌ലോഡ് ചെയ്യുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ബന്ധപ്പെട്ട വകുപ്പ് പരാതി സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കും. തുടര്‍ അന്വേഷണങ്ങള്‍ക്കായി അപേക്ഷാ നമ്പര്‍ ഗുണഭോക്താവിന് നല്‍കും. ഇതുപയോഗിച്ച് പരാതിക്കാര്‍ക്ക് പരാതിയുടെ സ്റ്റാറ്റസ് അറിയാനാകും. പോര്‍ട്ടലില്‍ നിന്നും അപേക്ഷാ നമ്പറിന്റെ സഹായത്തോടെ പരാതിയില്‍ സ്വീകരിച്ച നടപടിയുടെ വിശദമായ വിവരങ്ങള്‍ രേഖാമൂലം ഗുണഭോക്താവിന് ലഭിക്കും. edistrict.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷാ നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് അറിയാനാകും.

അടുത്ത ഘട്ടത്തില്‍ കളക്ടറേറ്റിലെത്താതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാനാകും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനങ്ങളുടെ പരാതികളുടെ പരിഹാരം വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതികള്‍ സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമായി പ്രത്യേകം ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

പൊതുജന പരാതി പരിഹാര സെല്‍ പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ വി.ഇ. അബ്ബാസ്, ജോളി ജോസഫ്, സബീന്‍ സമീദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മായാ ദേവി, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ചിഞ്ചു സുനില്‍, ഹുസൂര്‍ ശിരസ്തദാര്‍ ഇന്‍ ചാര്‍ജ് ബിന്ദു രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *