Your Image Description Your Image Description
Your Image Alt Text

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്തയുമെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.

2021 മുതല്‍ ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസിലാണ് നവല്‍നി നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു.

2020ല്‍ നവല്‍നിയ്‌ക്കേറ്റ വിഷബാധയില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. 2020ലെ വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവല്‍നി തട്ടിപ്പുകേസുകളിലും തീവ്രവാദ കേസുകളിലും ജയിലിലാകുകയായിരുന്നു. വിഷബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നവല്‍നിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെന്റി ചിത്രം വലിയ ചര്‍ച്ചയായിരുന്നു. നവല്‍നി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിംഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് നവല്‍നിയുടെ ജീവിതം കൂടുതല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *