Your Image Description Your Image Description
Your Image Alt Text

ഭിന്നശേഷി അവകാശ നിയമവും അനുബന്ധ സേവനങ്ങളും എന്ന വിഷയം ആസ്പദമാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികൾ ഓരോ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ അവരുടെ ആവശ്യങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ പ്രഥമ പരിഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്ത് എക്കാലത്തും ഭിന്നശേഷിക്കാർക്കൊപ്പം നിലകൊണ്ടിട്ടുള്ള സ്ഥാപനമാണെന്നും സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ, ഇലക്ട്രിക് വീൽ ചെയർ, ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് സ്വയം തൊഴിൽ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി: നേരത്തെയുള്ള ഇടപെടലും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസിലെ ഡോ.രശ്മി, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളും, പരിപാടികളും, സേവനങ്ങളും എന്ന വിഷയത്തെക്കുറിച്ച് സുശീല കുര്യാച്ചൻ, ഭിന്നശേഷി അവകാശനിയമം എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് തോമസ് എന്നിവർ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ ബിനോയ്, സീനിയർ സൂപ്രണ്ട് എം.വി സ്മിത എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുത്ത 30 ഉദ്യോഗസ്ഥരാണ് ശില്പശാലയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *