Your Image Description Your Image Description
എറണാകുളം: കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ ശ്രദ്ധയാകർഷിച്ച് കോഴിക്കോട് മേപ്പയ്യൂർ സിഡിഎസിലെ പാർവണ ക്രിയേഷൻസിൻ്റെ സ്റ്റാൾ. പൈൻ മരത്തടിയിലും മുളയിലും അക്രിലിക് പെയിൻ്റ് ഉപയോഗിച്ച് വരച്ച നൂറോളം ചിത്രങ്ങളാണ് സ്റ്റാളിൽ വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്.
മേപ്പയൂർ പ്രതീക്ഷ കുടുംബശ്രീ അംഗം ഷിബിന സ്വന്തമായി തയ്യാറാക്കിയതാണ് ഈ പെയിൻ്റിംഗുകൾ.
പെയിൻ്റിംഗുകൾക്ക് പുറമെ ഈസൽ സ്റ്റാൻഡ്, മൊബൈൽ സ്റ്റാൻഡ്, മാലകൾ എന്നിവയും വില്പനയ്ക്ക് ഉണ്ട്. പൈൻ മരത്തടിയിൽ അക്രിലിക് പെയിൻ്റ് ഉപയോഗിച്ച് വരക്കുന്ന ചെറിയ ഫ്രെയിമുകളാണ് ഈസൽ സ്റ്റാൻഡുകൾ.
മരത്തടിയിൽ കളിമണ്ണ് ഉപയോഗിച്ചാണ് മൊബൈൽ സ്റ്റാൻഡ് തയ്യാറാക്കിയിരിക്കുന്നത്. ചിരട്ട, കളിമണ്ണ് എന്നിവയിൽ മ്യൂറൽ പെയിൻ്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചാണ് മാലകളുടെ ലോക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. 200 രൂപ മുതലാണ് ഇവയുടെ വില.
നാലാമത്തെ തവണയാണ് ഷിബിന ദേശീയ സരസ് മേളയിൽ എത്തുന്നത്. പഞ്ചാബ്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്ന സരസ് മേളകളിൽ എക്സിബിഷൻ നടത്തിയിരുന്നു. ഒൻപത് വർഷമായി ഷിബിന ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ആദിവാസി മേഖലകളിലെ കുട്ടികൾക്ക് അക്രിലിക് പെയിൻ്റിംഗിൽ പരിശീലനവും നൽകി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *