Your Image Description Your Image Description
Your Image Alt Text

അടുത്ത കാലങ്ങളിലായി ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് പ്രമേഹം കൂടുതലായി പടരുന്നത്. ഏറെ ആശങ്കപ്പെടുത്തുന്നൊരു സാഹചര്യം തന്നെയാണിത്. കാരണം പ്രമേഹം ക്രമേണ ഹൃദയം അടക്കം പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 18ന് മുകളില്‍ പ്രായം വരുന്ന എട്ട് കോടിക്കടുത്ത് പ്രമേഹരോഗികള്‍ ഉണ്ട്. പ്രമേഹത്തിന്‍റെ തൊട്ടുമുമ്പുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ എണ്ണം രണ്ടരക്കോടിയുമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.

ഇതിന് പിന്നിലെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദമാണ്. പതിവായി സ്ട്രെസ് അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ ഇതിന്‍റെ ഭാഗമായി പല ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാണുന്നു. ഇത് പിന്നീട് രക്തത്തിലെ ഷുഗര്‍നില ഉയരുന്നതിലേക്കും നയിക്കുകയാണ്.

പലര്‍ക്കും സ്ട്രെസ് – പ്രമേഹത്തിന് കാരണമാകുമെന്ന വാദത്തില്‍ വിശ്വാസമില്ല. എന്നാലിത് സത്യമാണെന്ന് ബോധ്യപ്പെട്ടുവല്ലോ. പ്രത്യേകിച്ച് യുവാക്കളാണ് ജോലിഭാരത്തെ തുടര്‍ന്നുള്ള സ്ട്രെസിനെ തുടര്‍ന്ന് പ്രമേഹരോഗികളായി മാറുന്നതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇനി, എന്താണ് സ്ട്രെസ് നിങ്ങളെ പ്രമേഹത്തിലേക്ക് തള്ളിവിടാതിരിക്കാൻ ചെയ്യേണ്ടത്?

ജീവിതരീതികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക എന്നത് തന്നെയാണ് ഏക മാര്‍ഗം. ജോലിയില്‍ നിന്നുള്ള സ്ട്രെസ് ആണെങ്കിലും മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള സ്ട്രെസ് ആണെങ്കിലും അത് നമ്മളെ ബാധിക്കാതിരിക്കാൻ കഴിയാവുന്നതും സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കണം. യോഗ, മെഡിറ്റേഷൻ, മൈൻഡ്ഫുള്‍നെസ് എന്നിങ്ങനെയുള്ള പ്രാക്ടീസുകള്‍ നല്ലതാണ്.

ഒപ്പം തന്നെ പതിവായ വ്യായാമവും ആവശ്യമാണ്. പതിവായ വ്യായാമം ഒരളവ് വരെ സ്ട്രെസിനെ നിയന്ത്രിക്കും. ഇതിന് പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുക, മറ്റ് ശീലങ്ങളും ഹോബികളും ക്രമീകരിക്കുക, രാത്രിയില്‍ പതിവായി കൃത്യമായ ഉറക്കവും ഉറപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *