Your Image Description Your Image Description
Your Image Alt Text

അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. മറവിരോഗം എന്ന നിലയിലാണ് അല്‍ഷിമേഴ്സിനെ നാം മനസിലാക്കുന്നത്. മറവി മാത്രമല്ല, ഒരു മനുഷ്യന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന- തലച്ചോറിന്‍റെ തകരാര്‍ ആണ് യഥാര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് രോഗം. മറവിക്ക് പുറമെ സംസാരിക്കാനോ പഠിക്കാനോ കാര്യങ്ങള്‍ മനസിലാക്കാനോ എല്ലാമുള്ള ശേഷി അല്‍ഷിമേഴ്സ് രോഗബാധിതരില്‍ പതിയെ നഷ്ടപ്പെട്ടുപോകും.

അല്‍ഷിമേഴ്സിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാൻ സാധിക്കില്ല. ഒരു ഘട്ടം വരെ ചികിത്സയുടെ സഹായത്തോടെ രോഗിയുടെ ജീവിതം പ്രയാസരഹിതമാക്കാൻ ശ്രമിക്കാമെന്ന് മാത്രം.

പ്രായമായവരെയാണ് അധികവും അല്‍ഷിമേഴ്സ് ബാധിക്കുന്നത്. അതിനാല്‍ തന്നെ പ്രായം, ജനിതകഘടകങ്ങള്‍ എന്നിവയെ ആണ് പ്രധാനമായും അല്‍ഷിമേഴ്സ് രോഗത്തിന് കാരണമായി വരുന്ന ഘടകങ്ങളായി കണക്കാക്കിയിരുന്നത്. അതേസമയം തന്നെ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍, അസുഖങ്ങള്‍, ഇവയ്ക്കുള്ള ചികിത്സകള്‍ എന്നിങ്ങനെ പല ഘടകങ്ങളും അല്‍ഷിമേഴ്സിലേക്ക് നയിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

എന്നിലിതിലൊന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാൻ ആര്‍ക്കും ഇതേവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഞെട്ടിക്കുന്നൊരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ‘യൂണിവേഴ്സ്റ്റി കോളേജ് ഓഫ് ലണ്ടനി’ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. ‘നേച്ചര്‍ മെഡിസിൻ’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നിട്ടുള്ള, പഠനത്തിന്‍റെ വിശദാംശങ്ങള്‍ വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്.
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്സിലേക്ക് നയിക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാവരിലുമല്ല- ചികിത്സയെടുത്ത ഒരു വിഭാഗം പേരില്‍ ഇത് അല്‍ഷിമേഴ്സിന് ഇടയാക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ് ഇതിന്‍റെ ഭാഗമായി അല്‍ഷിമേഴ്സ് രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതിന്‍റെ പേരില്‍ ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഈ ഹോര്‍മോണുകള്‍ തലച്ചോറില്‍ ‘അമൈലോയ്ഡ് ബീറ്റ പ്രോട്ടീൻ’ എന്ന പ്രോട്ടീൻ കൂടുതലാക്കുന്നു. ഈ പ്രോട്ടീനാണ് അല്‍ഷിമേഴ്സിലേക്ക് രോഗിയെ നയിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

ഇതാദ്യമായാണ് അല്‍ഷിമേഴ്സിലേക്ക് നയിക്കുന്ന ഒരു കാരണം വ്യക്തമായി ഗവേഷകര്‍ അവകാശപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ ഇത് ചരിത്രപരമായ പഠനമാണെന്നും പറയാം. എന്നാലിതില്‍ കൂടുതല്‍ വിശദമായ പഠനം അനിവാര്യമാണെന്നാണ് ഗവേഷകലോകം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *